Sorry, you need to enable JavaScript to visit this website.

കോപ്പിയടിക്കാരെ നോട്ടമിട്ടപ്പോൾ യു.പി ബോർഡ് പരീക്ഷ എഴുതാതെ പോയത് 10 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ

ലഖ്‌നൗ- സ്‌കൂൾ ബോർഡ്  പരീക്ഷകളിൽ കൂട്ടക്കോപ്പിയടി തടയുന്നതിനും വിദ്യാഭ്യാസ മാഫിയകളെ നിയന്ത്രിക്കുന്നതിനും സംസ്ഥാന സർക്കാർ നടപടി ശക്തമാക്കിയതോടെ ഉത്തർ പ്രദേശിൽ 10 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയില്ല. വ്യാപക കോപ്പിയടികളും ക്രമക്കേടുകളും തടയാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും പരിശോധനകൾക്കായി പ്രത്യേക ദൗത്യ സേനയെ നിയോഗിക്കുകയും ചെയ്തതും നേരിട്ട് പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ദിനേശ് ശർമയുടെ മുന്നറിയിപ്പും വിദ്യാർത്ഥികൾക്കിടയിൽ ഭീതിക്ക് കാരണമായതാകാം ഈ കൊഴിഞ്ഞ് പോക്കിനു പിന്നിലെന്ന് കരുതപ്പെടുന്നു. 

ഈ മാസം ആറിന് തുടങ്ങിയ പത്താം ക്ലാസ്, പ്ലസ് ടു വാർഷിക പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത 10 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ നാലു ദിവസത്തിനിടെയാണ് കൊഴിഞ്ഞു പോയത്. ഏതാണ്ട് ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പരീക്ഷകൾ ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇനിയും വർധിക്കാനിടയുണ്ടെന്ന് അധികൃതർ ആശങ്കപ്പെടുന്നു. 66 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾക്കായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 22നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാർച്ച് 12നുമാണ് അവസാനിക്കുന്നത്.

വിദ്യാഭ്യാസ മാഫിയകളെ പിടിച്ചു കെട്ടാൻ സർക്കാർ സ്വീകരിച്ച നടപടികളാകാം ഈ റെക്കോർഡ് കൊഴിഞ്ഞു പോക്കിനു കാരണമെന്ന് ഉത്തർ പ്രദേശ് സെക്കണ്ടറി എജുക്കേഷൻ ബോർഡ് സെക്രട്ടറി നീന ശ്രീവാസ്തവ പറഞ്ഞു. വിദ്യാഭ്യാസ മാഫിയകളാണ് കൂട്ടക്കോപ്പിയടികൾക്ക് സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന ഈ അനാരോഗ്യ പ്രവണതക്കെതിരെയാണ് സർക്കാർ നടപടി ശക്തമാക്കിയത്.

പരീക്ഷയിൽ കൊഴിഞ്ഞു പോക്ക് സാധാരണയാണെങ്കിലും ഇത്തവണത്തെ ക്രമാതീതമായ വർധന അധികൃതരേയും ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാതെ പോയത്. ഇത്തവണ തുടക്കത്തിൽ തന്നെ പത്തു ലക്ഷം കടന്നത് ഏവരേയും അമ്പരിപ്പിച്ചിരിക്കുകയാണ്. ഇത് ഇനിയും ഏറാനിടയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു.

മറ്റു ബോർഡ് പരീക്ഷകളിൽ പരാജയപ്പെട്ടവരാണ് ഇങ്ങനെ കൊഴിഞ്ഞു പോകുന്നവരിൽ ഏറെയും. വിദ്യാഭ്യാസ മാഫിയകൾ വിജയം ഉറപ്പു നൽകിയാണ് ഇവരെ പരീക്ഷ എഴുതിപ്പിക്കുന്നത്. ഫീസ് വാങ്ങി ഇവരെ പരീക്ഷയ്ക്ക് എത്തിക്കുന്ന ഇത്തരം മാഫിയകളാണ് കോപ്പിയടികളെ പ്രോത്സാഹിപ്പിക്കുന്നത്. കോഴ വാങ്ങി ചോദ്യപ്പേപ്പറുകൾ ചോർത്തുകയും മറ്റു സഹായങ്ങളും നൽകുന്ന ഉദ്യോഗസ്ഥരാണ് ഇവർ പിന്താങ്ങുന്നത്. ഇതിനെതിരെയാണ് സർക്കാർ നടപടികൾ ശക്തമാക്കിയത്.
 

Latest News