ന്യൂദല്‍ഹി- പരമോന്നത നേതാവ് ഹൈബത്തുല്ല അഖുന്ദ്‌സാദ പൊതുജനം മുമ്പാകെ പ്രത്യക്ഷപ്പെട്ടുവെന്ന താലിബാന്റെ അവകാശവാദത്തില്‍ സംശയം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍.
മരിച്ചുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന അഖുന്ദ്‌സാദ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹറില്‍ പ്രത്യക്ഷപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത.
ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ച ശേഷവും അഖുന്ദസാദയെ കാണാതിരുന്നതാണ് അദ്ദേഹം മരിച്ചുവെന്ന ധാരണ ശക്തമാക്കിയിരുന്നത്.
മതപാഠശാലയായ ജാമിഅ ദാറുല്‍ ഹാകിമിയ സന്ദര്‍ശിച്ച അഖുന്ദ്‌സാദ ഉദ്‌ബോധന പ്രസംഗം നടത്തിയെന്നാണ് താലിബാന്‍ നേതാവ് അവകാശപ്പെട്ടിരുന്നത്.
അണികളെ തൃപ്തിപ്പെടുത്താന്‍ താലിബാന്‍ മനഃപൂര്‍വം പ്രചരിപ്പിച്ചതാകാം ഈ വാര്‍ത്തെയെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നത്. ഖാണ്ഡഹാരി, ഹഖാനി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
വാര്‍ത്ത കെട്ടിച്ചമച്ചതാകാനാണ് കൂടുല്‍ സാധ്യത. നേരിട്ടു കണ്ടതായി ഒരാള്‍ സ്ഥിരീകരിക്കണം. അല്ലെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവരണം. എങ്കല്‍ മാത്രമേ അഖുന്ദസാദ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാകൂ. പാക് ചാരസംഘടനയായ ഐ.എസ്.ഐയും ഇതിനു പിന്നിലുണ്ടാകാം-ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 വരെ താലിബാന്റെ രാഷ്ട്രീയ, മത, സൈനിക കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം പ്രഖ്യാപിച്ച പരമോന്നത നേതാവായിരുന്നു അഖുന്ദ്‌സാദ.
സ്ഥാപകനും പരമോന്നത നേതാവുമായിരുന്ന മുല്ല ഉമറിന്റെ മരണം വര്‍ഷങ്ങളോളം താലിബാന്‍ സ്ഥിരീകരിച്ചിരുന്നില്ല.