ഭരത്പൂര്‍- രാജസ്ഥാനിലെ ഭരത്പൂരില്‍ 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ ജഡ്ജിക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. സംഭവം പുറത്തുപറയരുതെന്നും കുടുംബാംഗങ്ങളെ കള്ളക്കേസില്‍ കുടുക്കുമെന്നും കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തതായും കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടി. പീഡന ആരോപണത്തിനു പിന്നാലെ ജഡ്ജിയെ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. അതേസമയം കുട്ടിയും കുടുംബവും തന്നില്‍ നിന്ന് പണം തട്ടാന്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ജഡ്ജി ആരോപിക്കുന്നു. ഇത് അന്വേഷിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ജഡ്ജിക്കെതിരെ കുട്ടിയുടെ അമ്മ ഗുരുതര ആരോപണങ്ങളുമായാണ് ഞായറാഴ്ച പോലീസില്‍ പരാതി നല്‍കിയത്. ഒരു ടെന്നിസ് കോര്‍ട്ടില്‍ വച്ചാണ് മകനുമായി ജഡ്ജി സൗഹൃദം സ്ഥാപിച്ചതെന്നും പിന്നീട് തന്ത്രപൂര്‍വം വീട്ടിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു. കുട്ടിക്ക് ബോധം തെളിഞ്ഞപ്പോള്‍ സംഭവം പുറത്തു പറയരുതെന്നും വെളിപ്പെടുത്തിയാല്‍ സഹോദരനേയും അമ്മയേയും കള്ളക്കേസില്‍ കുടുക്കുമെന്നും ജഡ്ജി ഭീഷണിപ്പെടുത്തി. പിന്നീട് പലതവണ ജഡ്ജി കുട്ടിയെ പീഡിപ്പിച്ചു. ജഡ്ജിയുടെ രണ്ട് സഹായികളും ഒന്നിലേറെ തവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും അമ്മയുടെ പരാതിയില്‍ പറയുന്നു.
ആളുകളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സ്വഭാവം കുട്ടിയില്‍ ശ്രദ്ധിച്ചപ്പോഴാണ് കുടുംബത്തിന് സംശയം ഉണ്ടായത്. തുടര്‍ന്ന് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് മൂന്ന് ദിവസം മുമ്പ് കുട്ടി സംഭവം വെളിപ്പെടുത്തിയത്. ഇതറഞ്ഞിപ്പോള്‍ മകനെ ടെന്നിസ് കോര്‍ട്ടിലേക്ക് വിടുന്നത് നിര്‍ത്തി. തൊട്ടടുത്ത ദിവസം ജഡ്ജി അദ്ദേഹത്തിന്റെ സഹായിയാ ഒരു മുതിര്‍ന്ന പോലീസ് ഓഫീസറേയും ഏതാനും പേരേയും വീട്ടിലേക്ക് അയച്ചു. കുട്ടിയെ ഇവര്‍ക്കൊപ്പം വിടില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഈ ദിവസം രാത്രി ജഡ്ജി ഫോണില്‍ വിളിച്ചു സംസാരിച്ചു. സംഭവിച്ചത് എന്താണെന്ന് അറിയാമെന്ന് പറഞ്ഞതോടെ അദ്ദേഹം ഫോണ്‍ വച്ചു. തൊട്ടടുത്ത ദിവസം ജഡ്ജി മറ്റൊരാളേയും കൂട്ടി വീട്ടില്‍ വരികയും തെറ്റ് സമ്മതിച്ച് മാപ്പപേക്ഷിക്കുകയും ചെയ്തു. ഇതേ ദിവസം തന്നെ ഒരു മുതിര്‍ന്ന പോലീസ് ഓഫീസര്‍ വീട്ടില്‍ വന്ന് വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും കുട്ടിയുടെ അമ്മയുടെ പരാതിയില്‍ വിശദീകരിക്കുന്നു.