മുംബൈ- കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അധികസുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കെഡെയുടെ ഭാര്യ ക്രാന്തി രേദ്കറെ വാങ്കഡെ പറഞ്ഞു.
സമീറിന്റെയും ഞങ്ങളുടെയും കുടുംബാംഗങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. കുറച്ചു ദിവസം മുമ്പ് മൂന്നുപേര്‍ വന്ന് വീട് നിരീക്ഷിച്ചു പോയിരുന്നു. അവര്‍ക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന കാര്യത്തില്‍ യാതൊരു അറിവുമില്ല- ക്രാന്തി രേദ്കറെ പറഞ്ഞു. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു കൈമാറും. വളരെ ചെറിയ കുട്ടികളാണ് എനിക്കുള്ളത്. അതുകൊണ്ട് തന്നെ അവരുടെ സുരക്ഷ പ്രധാനമാണ്- അവര്‍ പറഞ്ഞു.
അതിനിടെ, പട്ടിക ജാതി ദേശീയ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ അരുണ്‍ ഹല്‍ദാര്‍ സമീര്‍ വാങ്കഡെയുടെ വീട് സന്ദര്‍ശിച്ച് രേഖകള്‍ പരിശോധിച്ചു. ചില രേഖകളുടെ ഒറിജിനല്‍ കാണുന്നതിനാണ് അരുണ്‍ ഹല്‍ദാര്‍ എത്തിയതെന്നു ക്രാന്തി പറഞ്ഞു.
ആഡംബരക്കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസ് അന്വേഷിക്കുന്ന സമീര്‍ വാങ്കഡെയുടെ ജാതി സര്‍ട്ടിഫിക്കറ്റ്, വിവാഹം തുടങ്ങിയവയില്‍ സംശയങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക് രംഗത്തുവന്നിരുന്നു. ജാതി സര്‍ട്ടിഫിക്കറ്റില്‍ വാങ്കഡെ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. മുസ്‌ലിമായ സമീര്‍ വാങ്കഡെ യുപിഎസ്‌സി പരീക്ഷയില്‍ സംവരണം ലഭിക്കാന്‍ പട്ടികജാതി എന്നാക്കി തിരുത്തിയെന്നും മന്ത്രി പറഞ്ഞിരുന്നു.