ഡെറാഡൂണ്‍- ഉത്തരാഖണ്ഡിലെ ചക്രാത്തയില്‍ വാന്‍ നിയന്ത്രണംവിട്ട് ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് വാന്‍ അപകടത്തില്‍പ്പെട്ടത്. ഓവര്‍ ലോഡാണ് അപകടക കാരണമെന്ന് കരുതുന്നു. സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ഈ സംഘമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പരിക്കേറ്റ രണ്ടു പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അപകടത്തില്‍ ദുഖം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. വാഹനങ്ങളില്‍ ഓവര്‍ലോഡ് തടയാന്‍ സംസ്ഥാന ഗതാഗത വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഓവര്‍ലോഡ് ആയ വാഹനങ്ങളില്‍ കയറരുതെന്നും മുഖ്യമന്ത്രി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി.