ഗുഡ്ഗാവ്- ദല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ദേശീയ തലസ്ഥാന മേഖലയായ ഗുഡ്ഗാവില്‍ ഏതാനും ആഴ്ചകളായി നിലനില്‍ക്കുന്ന വെള്ളിയാഴ്ച നമസ്‌ക്കാരം തടയല്‍ പ്രശ്‌നം പുതിയ തലത്തിലേക്ക്. കഴിഞ്ഞ ആഴ്ചകളില്‍ മുസ്‌ലിംകള്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരം നടത്തിയ ഗുഡ്ഗാവിലെ സെക്ടര്‍ 12-എയില്‍ അടുത്ത വെള്ളിയാഴ്ച ഗോവര്‍ധന്‍ പൂജ സംഘടിപ്പിക്കുമെന്ന് സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി മുന്നറിയിപ്പു നല്‍കി. പൊതു സ്ഥലങ്ങളില്‍ നമസ്‌ക്കാരം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ രംഗത്തുള്ളത്. നമസ്‌ക്കാരം തടഞ്ഞില്ലെങ്കില്‍ ലാത്തിയടി കൊള്ളാനും ജയിലില്‍ പോകാനും തയാറാണെന്ന് 22 ഹിന്ദുത്വ സംഘടകള്‍ മുന്നറിയിപ്പു നല്‍കുന്നു. ഗുഡ്ഗാവില്‍ 37 ഇടങ്ങളില്‍ നമസ്‌ക്കാരം നടത്താനുള്ള അനുമതി അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഹിന്ദുത്വ സംഘടകള്‍ പ്രതിഷേധം തുടരുകയാണ്.
'അതേ സ്ഥലത്തു തന്നെ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഗോവര്‍ധന്‍ പൂജ നടത്താനാണ് തീരുമാനം. 5000ലേറെ പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പങ്കെടുക്കുന്നവര്‍ക്കെല്ലാം പ്രസാദവും വിതരണം ചെയ്യും. അടുത്ത ദിവസങ്ങളില്‍ എംഎല്‍എമാരേയും പ്രമുഖരേയും പൂജയിലേക്ക് ക്ഷണിക്കും. ഈ ഒത്തുചേരല്‍ സമാധാനപരവും നിയമം അനുസരിച്ചുമായിരിക്കും. എല്ലായിടങ്ങളിലും നമസ്‌ക്കാരം സംഘടിപ്പിക്കുന്നതിനെ തുടര്‍ന്നും എതിര്‍ക്കും. ഇത് നിയമവിരുദ്ധമാണ്'- സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി അധ്യക്ഷന്‍ മഹാവീല്‍ ഭരദ്വാജ് പറഞ്ഞു.
2018ല്‍ എല്ലാ സമുദായ പ്രതിനിധികളും പോലീസും രാഷ്ട്രീയ പാര്‍ട്ടികളും യോഗം ചേര്‍ന്ന് പൊതു സ്ഥലത്ത് മത പ്രാര്‍ത്ഥനകള്‍ പാടില്ലെന്ന് എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചതാണ്. 37 ഇടങ്ങളില്‍ നമസ്‌ക്കാരത്തിന് അനുമതി നല്‍കിയത് ഒരു ദിവസത്തേക്കാണ്. മറിച്ചുള്ള പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പൂജയ്ക്ക് അനുമതി തേടി സംഘാടകര്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ഗുഡ്ഗാവ് ഡെ്പ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. അവര്‍ ആവശ്യപ്പെട്ടാല്‍ അതുപ്രകാരം സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.