പനജി- ഗോവയിൽ പെൺകുട്ടികൾ ബീയർ കുടിച്ചു തുടങ്ങുന്നത് ആശങ്കപ്പെടുത്തുവെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ. നിയമസഭാ സെക്രട്ടറിയേറ്റ് സംഘടിപ്പിച്ച പ്രഥമ സംസ്ഥാന യുവജന പാർലമെന്റിൽ സംസാരിക്കുകയായിരുന്നു പരീക്കർ. 'പെൺകുട്ടികൾ ബീയർ കുടിച്ചു തുടങ്ങുന്നത് തന്നെ ആശങ്കപ്പെടുത്തുന്നു. ഇത് വച്ചുപൊറുപ്പിക്കാവുന്നതിന്റെ എല്ലാ പരിധിയും വിട്ടിട്ടുണ്ട്. എല്ലാ പെൺകുട്ടികളേയും ഉദ്ദേശിച്ചല്ല പറയുന്നത്. ഈ സദസ്സിലുള്ളവരെയും കുറിച്ചല്ല,' പരീക്കർ പറഞ്ഞു. മയക്കു മരുന്നുപയോഗവും ഇന്ന് ഒരു പുതിയ സംഭവമല്ലാതായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലഹരി വിൽപ്പന സംഘങ്ങൾ പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്. ആദ്യം ചെറുതിൽ നിന്ന് തുടങ്ങി പിന്നീട് ഒരു ചെറു സംഘം രൂപീകരിച്ച് കൂടുതൽ പേരെ വലയിലാക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വല്ലതും പതിവായി നഷ്ടമാകുന്നുണ്ടെങ്കിൽ അതാണ് ഇതിന്റെ ആദ്യ ലക്ഷണമെന്നും പരീക്കർ ചൂണ്ടിക്കാട്ടി. കുട്ടികൾക്കു മേൽ എപ്പോഴും ഒരു കണ്ണു ഉണ്ടായിരിക്കുക എന്നതാണ് അവരെ നിയന്ത്രിക്കാനുള്ള മികച്ച വഴിയെന്നും അദ്ദേഹം പറഞ്ഞു.