നെടുമ്പാശ്ശേരി- നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ യാത്രക്ക് ആഗോള ഭൂപടത്തില്‍ കൊച്ചിക്ക് പ്രത്യേക സ്ഥാനമുണ്ട്. എന്നാല്‍ ഈ സ്ഥല നാമത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മൂന്ന് വിമാനത്താവളങ്ങളാണ് ഈ പേരില്‍ നിലവിലുള്ളത്.
ഒരേ സ്ഥല നാമത്തില്‍ മൂന്ന് വിമാനത്താവളങ്ങള്‍ ലോകത്ത് അപൂര്‍വമാണ്. ഇതില്‍ രണ്ടെണ്ണം കേരളത്തിലാണെങ്കില്‍ ഒന്ന് ജപ്പാനിലെ ഷികോക്കു ദ്വീപിലാണ്. എന്നാല്‍ മൂന്ന് വിമാനത്താവളങ്ങളില്‍ വെച്ച് ഏറ്റവും ശ്രദ്ധേയമായത് നെടുമ്പാശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തന്നെ. പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ കടന്നുപോകുന്നു എന്ന പ്രത്യേകതയുണ്ട് നെടുമ്പാശ്ശേരിക്ക്. മാത്രമല്ല പൂര്‍ണ്ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളവും ഇതാണ്.
ജപ്പാനില്‍ ഷികോക്കു ദ്വീപില്‍ സ്ഥിതി ചെയ്യുന്ന കൊച്ചി എന്ന പ്രവിശ്യയുടെ തലസ്ഥാനമാണ് കൊച്ചി നഗരം. ഇവിടെയാണ് ജപ്പാനിലെ കൊച്ചി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 1944 ലാണ് വിമാനത്താവളം ആരംഭിച്ചത്. പ്രതിവര്‍ഷം 24 ലക്ഷത്തോളം യാത്രക്കാര്‍ ഈ വിമാനത്താവളം വഴി യാത്ര ചെയ്യുനുണ്ട്. ജപ്പാനിലെ ബകുമാത്സു കാലഘട്ടത്തിലെ നേതാവ് സകാമോട്ടോ റൈമയുടെ പേരിലാണ് ഈ വിമാനത്താവളം അറിയപ്പെടുന്നത്. 'കൊച്ചി റൈമ എയര്‍പോര്‍ട്ട് ' എന്നാണ് ഇതിന്റെ പേര്. ബാങ്ക് ഓഫ് കൊച്ചി സ്ഥിതി ചെയ്യുന്നതും ജപ്പാനിലെ ഈ നഗരത്തിലാണ്.
മൂന്ന് വിമാനത്താവളങ്ങളില്‍ ഏറ്റവും ആദ്യത്തേത് കൊച്ചിയിലെ നാവികസേനാ വിമാനത്താവളമാണ്. 1936 ലാണ് ഈ വിമാനത്താവളത്തിന്റെ തുടക്കം. 1999 ല്‍ നെടുമ്പാശ്ശേരിയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത് വരെ നാവികസേനാ വിമാനത്താവളത്തെയായിരുന്നു യാത്രാ വിമാനങ്ങളുടെ സര്‍വീസിനായി ആശ്രയിച്ചിരുന്നത്.
2018 ല്‍ പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനത്താവളം അടക്കേണ്ടി വന്നപ്പോള്‍ അഭ്യന്തര സര്‍വീസുകള്‍ക്കായി നാവികസേനാ വിമാനത്താവളം വീണ്ടും തുറന്നിരുന്നു.