റോം- ഫ്യൂച്ചറിസ്റ്റിക് നുവോല കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ദ്വിദിന ജി 20 ഉച്ചകോടിയോടാനുബന്ധിച്ച് റോമില്‍ സമാനതകളില്ലാത്ത സുരക്ഷ. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ തലവന്മാര്‍ ഒരുമിക്കുന്ന ഉച്ചകോടിയില്‍ പഴുത്തടച്ച സുരക്ഷാസംവിധാനങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്.
പ്രതിനിധികള്‍ താമസിക്കുന്ന ഹോട്ടലുകളും നയതന്ത്ര വസതികളും ദിവസങ്ങള്‍ക്കുമുമ്പുതന്നെ സുരക്ഷാസേനയുടെ വലയത്തിലാണ്. നിശ്ചിത ഇടവേളകളില്‍ ആകാശത്ത് ഹെലികോപ്റ്ററുകള്‍ നിരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്.
ഉച്ചകോടി നടക്കുന്ന സെന്ററിന്റെ 10 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അടച്ചുപൂട്ടി. പ്രദേശത്തെ സ്‌കൂളുകള്‍ വെള്ളിയാഴ്ച ഉച്ചയോടെ അടച്ചു, എ, ബി ലൈനുകളിലെ 14 മെട്രോ സ്റ്റേഷനുകള്‍ ശനിയാഴ്ച രണ്ടുമണിമുതല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.