തലശ്ശേരി- മുഖ്യമന്ത്രിയായിരിക്കെ തന്നെ കല്ലെറിഞ്ഞ ഡി.വൈ.എഫ്.ഐ നേതാവ് മാപ്പുമായി ഉമ്മൻ ചാണ്ടിയുടെ മുന്നിൽ. തന്റെ നെഞ്ചിലേക്ക് കല്ലെറിഞ്ഞ് മുറിവേൽപ്പിച്ച നസീറിനോട് ഉമ്മൻ ചാണ്ടി പറഞ്ഞു. ഒന്നും സാരമില്ല. എല്ലാം മറന്നേക്കൂ. ഇന്നലെ രാത്രി തലശേരി റസ്റ്റ് ഹൗസിലെത്തിയാണ് നസീർ ഉമ്മൻ ചാണ്ടിയെ കണ്ടത്. തന്നെ കേസിൽ കുടുക്കിയതാണെന്നും ഞാനല്ല യഥാർഥ പ്രതിയെന്നും എന്ന നിലയിലായിരുന്നു നസീറിന്റെ ക്ഷമാപണം. എന്നാൽ അത് സാരമില്ലെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി നസീറിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
സി.പി.എം മുൻ ലോക്കൽ കമ്മറ്റിംഗവും സി.പി.എം തലശ്ശേരി മുൻ നഗരസഭാഗംവുമായിരുന്നു നസീർ. 2013 സെപ്തംബർ 27ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പോലിസ് ക്ലബ്ബിന്റെ വാർഷികത്തിന് കണ്ണൂരിലെത്തിയതായിരുന്നു. ഇതിനിടെ സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ കല്ലും മറ്റുമായി പോലിസ് ഗ്രൗണ്ടിലെത്തി ഉമ്മൻചാണ്ടിയെ അക്രമിക്കുകയായിരുന്നു. കല്ലേറിൽ ഉമ്മൻചാണ്ടിയുടെ നെറ്റിയിൽ പരിക്കൽക്കുകയും ചെയ്തിരുന്നു. സോളാർ വിഷയമുയർത്തിയായിരുന്നു ഉമ്മൻചാണ്ടിക്കെതിരെ സി.പി.എം പ്രതിരോധം നടത്തിയത്.
മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവവുമായ് ബന്ധപ്പെട്ട് 500 ഓളം പേർക്കെതിരെ കേസെടുത്തിരുന്നു. ഇന്നലെ ക്ഷമാപണം നടത്തിയ നസീർ ഈ കേസിൽ ഗൂഡാലോചന കേസിലെ ഒന്നാം പ്രതിയായിരുന്നു. കേസ് കോടതിയിലെത്തിയപ്പോൾ നസീറിന്റെ അഭിഭാഷകൻ ഇത് എതിർക്കുകയും അദ്ദേഹത്തിന് കോടതി ജാമ്യം നൽകുകയുമായിരുന്നു. പിന്നീട് നൽകിയ എഫ്.ഐ.ആറിൽ നസീറിനെ 113 ാം പ്രതിയായി ഉൾപ്പെടുത്തി.
നേരത്തെ നസീറിന്റെ പാസ്‌പോർട്ട് കാലാവധി തീർന്ന് പുതുക്കുന്നതിനെ പാർട്ടി വിലങ്ങ് തടിയായപ്പോൾ ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബിസിനസ് ആവശ്യത്തിന് ഇടക്കിടെ വിദേശ സന്ദർശനം നടത്തുന്ന യുവസംരംഭകനായ നസീറിന്റെ പാസ്‌പോർട്ടിലെ പേജുകൾ തീർന്നപ്പോൾ അത് കൂട്ടിച്ചേർക്കാൻ അപേക്ഷ നൽകിയെങ്കിലും കലാവധി തീരാറായതിനാൽ പുതിയ പാസ്‌പോർട്ടിന് അപേക്ഷ നൽകിയതോടെയാണ് പാർട്ടിക്ക് അനഭിമതനായ നസീറിനെ പഴയ ഒരു കേസിൽ കുടുക്കി പാസ്‌പോർട്ട് നിഷേധിക്കാൻ സി.പി.എം രംഗത്തെത്തിയതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.
പോലിസിനെ കൂട്ട്പിടിച്ച് സി.പി.എം നേതൃത്വം പാസ്‌പോർട്ട് നിഷേധിച്ചപ്പോൾ തന്റെ ബസിനസ് തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഇയാൾ നേരിട്ട് പറഞ്ഞു. ഡി.വൈ.എഫ്.ഐ 2014ൽ നടത്തിയ താലൂക്ക് ഓഫീസ് മാർച്ചിന്റെ പേരിലുള്ള കേസിലാണ് നസീറിന് പാസ്‌പോർട്ട് നിഷേധിച്ചിരുന്നത്.
നേരത്തെ പാർട്ടി അംഗത്വം പുതുക്കുന്ന വേളയിൽ മത ന്യൂനപക്ഷമാണോ എന്ന കോളം നസീർ ഒഴിച്ചിട്ടിരുന്നു. എന്നാൽ നസീർ അറിയാതെ പാർട്ടി നേതൃത്വം അത് പൂരിപ്പിച്ചു. സഖാക്കൾക്കെന്തിന് ജാതിയും മതവും എന്ന് ചൂണ്ടിക്കാട്ടി ഈ വിഷയത്തിൽ അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് നസീർ അന്ന് കത്ത് നൽകിയിരുന്നു. രണ്ടു വർഷം കഴിഞ്ഞിട്ടും സഖാക്കൾക്ക് ജാതി വേണമോയെന്ന നസീറിന്റെ ചോദ്യത്തിന് ഉത്തരം ലഭിച്ചിരുന്നില്ല. ഇതോടെ അദ്ദേഹം പാർട്ടിക്ക് അനഭിമതനാവുകയും ചെയ്തിരുന്നു.