ചണ്ഡീഗഢ്- കോണ്‍ഗ്രസില്‍ തന്നെ തുടരാന്‍ പാര്‍ട്ടിയുമായി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന റിപോര്‍ട്ടുകളെ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തള്ളി. മുഖ്യമന്ത്രി പദവി രാജിവച്ചതിനു പിന്നാലെ കോണ്‍ഗ്രസും വിട്ട അമരീന്ദര്‍ പുതിയ പാര്‍ട്ടി രൂപകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെയാണ് കോണ്‍ഗ്രസുമായി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് റിപോര്‍ട്ടുകള്‍ വന്നത്. ഇത് തെറ്റാണെന്ന് അമരീന്ദറിന്റെ വക്താവ് രവീണ്‍ തുക്‌റല്‍ അറിയിച്ചു. ബന്ധം വീണ്ടും പുതിക്കിച്ചേര്‍ക്കാനള്ള സമയം അവസാനിച്ചുവെന്നും പാര്‍ട്ടി വിടാനുള്ള തീരുമാനം ചിന്തുച്ചറിപ്പിച്ചെടുത്തതാണെന്നും അന്തിമമാണെന്നും അമരീന്ദര്‍ വ്യക്തമാക്കി. നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം സോണിയാ ഗാന്ധിക്ക് നന്ദിയും അറിയിച്ചു. അമരീന്ദര്‍ വൈകാതെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും കര്‍ഷകരുടെ പ്രശ്‌നം പരിഹരിച്ചാല്‍ ബിജെപിയുമായും അകാലിദളുമായി പിരിഞ്ഞ വിഭാഗങ്ങളുമായും സീറ്റു വീതംവെപ്പ് ചര്‍ച്ച നടത്തുമെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.
പുതിയ പാര്‍ട്ടി അവതരിപ്പിക്കുമെന്ന പഖ്യാപനത്തിനു പിന്നാലെയാണ് അമരീന്ദറുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍വാതില്‍ ചര്‍ച്ച നടത്തി അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ ശ്രമം നടക്കുന്നതായി ദി ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തത്.