ലഖ്‌നൗ- ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയ അധ്യാപകനെ വിദ്യാര്‍ഥികള്‍ സംഘടിച്ച് മര്‍ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍ നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവം. കംപ്യൂട്ടര്‍ അധ്യാപകനായ സയ്യദ് വാസിഖ് അലിയാണ് വിദ്യാര്‍ഥികളുടെ മര്‍ദനത്തിനിരയായത്. ഇതിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിലെ സി.സി.ടി.വി ക്യാമറയിലും പതിഞ്ഞു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും മറ്റു രണ്ട് വിദ്യാര്‍ഥികളും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് അധ്യാപകന്റെ പരാതി. ക്ലാസില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചതോടെ കറുത്ത തുണികൊണ്ട് അധ്യാപകന്റെ മുഖം മൂടിയ ശേഷമായിരുന്നു മര്‍ദനം. പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. മറ്റു രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ആരോപണവിധേയനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായും മറ്റുരണ്ടു വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞശേഷം അവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.