അഗര്‍ത്തല- സംസ്ഥാനത്ത് മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തെ ഉന്നമിട്ട് വ്യാപക അക്രമങ്ങളും കൊള്ളയും നടക്കുന്നതായുള്ള റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ത്രിപുര ഹൈക്കോടതി ത്രിപുര സര്‍ക്കാരില്‍ നിന്ന് റിപോര്‍ട്ട് തേടി. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടോ എന്നതു സംബന്ധിച്ച വിശദമായ റിപോര്‍ട്ട് നവംബര്‍ 10നകം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയം കോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും വ്യാജ സമൂഹ മാധ്യമ പോസ്റ്റുകള്‍ക്കും പ്രചരണങ്ങള്‍ക്കുമെതിരെ സ്വീകരിച്ച നടപടികളും വിശദമാക്കണമെന്നും ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് സുഭാഷിഷ് തലപത്ര എന്നിവരടങ്ങുന്ന ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളുടെ ആരാധനാലയം കത്തിച്ചുവെന്നത് സമൂഹമാധ്യമങ്ങളില്‍ വന്ന വ്യാജ പ്രചരണമാണെന്നാണ് ബിജെപി സര്‍ക്കാര്‍ പറയുന്നത്. പുറത്തു നിന്നുള്ളവര്‍ വ്യാജ വിഡിയോകളും വാര്‍ത്തകളും പ്രചരിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഇത്തരം വ്യാജ പോസ്റ്റുകള്‍ക്കെതിരെ ഉടന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അതുവഴി വ്യാജ വാര്‍ത്തകളും വിഡിയോകളും പ്രചരിക്കുന്നത് എത്രയും വേഗം തടയണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കോടതി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെ ഒരു പള്ളിയും ഏതാനും മുസ്ലിം വീടുകളും കച്ചവട സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. ഏതാനും ആഴ്ചകളായി ത്രിപുരയില്‍ മുസ്ലിംകള്‍ക്കെതിരെ വ്യാപക അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതു തടയണമെന്നാവശ്യപ്പെട്ട് ജംഇയത്തുല്‍ ഉലമായെ ഹിന്ദ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു.