സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണം
എന്‍.ഐ.എ, സി.ബി.ഐ ഉദ്യോഗസ്ഥര്‍ പാടില്ല
നിവേദനത്തില്‍ 114 എം.പിമാര്‍ ഒപ്പുവെച്ചു
ന്യൂദല്‍ഹി- സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് 15 പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടത്.
സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ സി.ബി.ഐ, എന്‍.ഐ.എ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തരുതെന്ന് 114 എം.പിമാര്‍ ഒപ്പിട്ട നിവേദനത്തില്‍ ആവശ്യപ്പെട്ടു. സി.ബി.ഐയും എന്‍.ഐ.എയും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
ലോയ കേസ് പോകുന്ന ദിശയെ കുറിച്ച് പാര്‍ലമെന്റിന് ആശങ്കയുണ്ടെന്നും ഈ ആശങ്കയാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പങ്കുവെച്ചതെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജിയായിരുന്നു ജസ്റ്റിസ് ലോയ. നാഗ്പൂരില്‍ വെച്ച് ദുരൂഹ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം.
ഒരു ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുന്നത് അദ്ദേഹത്തോടും കുടുംബത്തോടും ചെയ്യുന്ന നീതിയാണ്. സംശയങ്ങളുള്ളതിനാലാണ് സ്വതന്ത്ര അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. ശരിയായ വിധത്തിലുള്ള അന്വേഷണം പൂര്‍ത്തിയാക്കി ശരിയായ ഫലം പുറത്തുകൊണ്ടുവരണം. രാഷ്ട്രപതിയില്‍നിന്ന് അനുകൂല മറുപടിയാണ് ലഭിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
2 ജി കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാമെങ്കില്‍ ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിക്കാനും അങ്ങനെ ചെയ്യാമെന്ന് കപില്‍ സിബല്‍ പറഞ്ഞു. സി.ബി.ഐയിലും എന്‍.ഐ.എയിലും ഞങ്ങള്‍ക്ക് വിശ്വാസമില്ല. ഈ വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജികളില്‍ സുപ്രീം കോടതി വാദം കേട്ടുകൊണ്ടിരിക്കെ പ്രത്യേക അന്വേഷണ സംഘം എന്തിനാണെന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങളില്‍ പൊതുതാല്‍പര്യ ഹരജികളിലൂടെ തീര്‍പ്പ് കല്‍പിക്കാനാവില്ലെന്നായിരുന്നു കപില്‍ സിബലിന്റെ മറുപടി. സുപ്രീം കോടതിയില്‍ ഇതുസംബന്ധിച്ച് അന്വേഷണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോയ കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ താല്‍പര്യമാണിതെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നും സി.പി.ഐ നേതാവ് ഡി.രാജ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി, ഡിഎംകെ, ആര്‍ജെഡി, എഎപി, സിപിഐ, സിപിഎം എന്നിവര്‍ ഉള്‍പ്പടെ 15 പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാരാണു നിവേദനത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ബിഎസ്പി നിവേദനത്തില്‍ ഒപ്പു വെച്ചിട്ടില്ല.
സുഹ്‌റാബുദ്ദീന്‍ വ്യജ ഏറ്റുട്ടല്‍ കേസില്‍ വാദം കേട്ട ജസ്റ്റിസ് ലോയ 2014 നവംബറിലാണ് നാഗ്പൂരില്‍ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പിന്നീടാണ് കുടുംബവും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും മരണത്തില്‍ ദുരൂഹത ആരോപിച്ചതും അന്വേഷണം ആവശ്യപ്പെട്ടതും.