ദുബായ്- അവസാന ഓവറിന് തൊട്ടുമുമ്പ് ആസിഫ് അലി നിറഞ്ഞാടിയതോടെ പാക്കിസ്ഥാന് അഞ്ചു വിക്കറ്റ് ജയം. ഒരോവർ ശേഷിക്കേയാണ് പാക്കിസ്ഥാന്റെ ജയം. അവസാനത്തെ ഓവറിലെ ആദ്യത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും അവസാനത്തെയും പന്തിൽ ആസിഫ് അലി സിക്‌സറടിച്ചാണ് പാക്കിസ്ഥാനെ ട്വന്റി20 ലോകകപ്പിന്റെ സെമിയിലേക്ക് പ്രവേശിപ്പിച്ചത്. ഏഴു പന്തിൽ 25 റൺസ് നേടിയ ആസിഫ് അലിയുടെ ഇന്നിംഗ്‌സിൽ നാലും സിക്‌സറായിരുന്നു. നായകൻ ബാബർ അസം 57 പന്തിൽ 51 റൺസ് നേടി. ഫക്കർ സമാൻ 20(25 പന്തിൽ), ശുഐബ് മാലിക് 19, മുഹമ്മദ് ഹഫീസ് 10 റൺസും നേടി. റഷീദ് ഖാൻ അഫ്്ഗാന് വേണ്ടി രണ്ടു വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് വേണ്ടി നായകൻ മുഹമ്മദ് നബി 32 പന്തിൽ 35 റൺസ് നേടി. അഞ്ചു ഫോർ അടങ്ങുന്നതായിരുന്നു ഈ ഇന്നിംഗ്‌സ്. ഗുൽബാദിന് നായിബ് 25 പന്തിൽ 35 റൺസും അടിച്ചുകൂട്ടി. ഒരു സിക്‌സും നാലു ഫോറും അടങ്ങുന്ന ഇന്നിംഗ്‌സ്. നജീബുല്ല സദ്‌റാൻ 21 പന്തിൽ 22 റൺസ് സ്വന്തമാക്കി. കരീം ജന്നത്ത് 15, അസ്ഗർ അഫ്ഗാൻ, റഹ്മത്തുല്ല ഗുർബാസ് എന്നിവർ പത്തുവീതം റൺസും നേടി. ആറു വിക്കറ്റ് നഷ്ടത്തിലായിരുന്നു അഫ്ഗാൻ 147 റൺ സ്വന്തമാക്കിയത്. പാക്കിസ്ഥാന് വേണ്ടി ഇമാദ് വാസിം രണ്ടു വിക്കറ്റ് കൊയ്തു. ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഹസൻ അലി, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റും നേടി.