Sorry, you need to enable JavaScript to visit this website.

ജാമ്യക്കാര്‍ പിന്‍വാങ്ങി, ബിനീഷിന് പുറത്തിറങ്ങാനായില്ല

ബംഗളൂരു- കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയില്‍മോചിതനായില്ല. ജാമ്യക്കാര്‍ പിന്മാറിയതോടെയാണ് ബിനീഷ് ജയിലില്‍ തുടരേണ്ടി വന്നത്. പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും സമയം വൈകി.
ബിനീഷിനെ ഇന്ന് തന്നെ പുറത്തിറക്കാനായിരുന്നു സഹോദരന്‍ ബിനീഷ് കോടിയേരിയും സുഹൃത്തുക്കളും ശ്രമിച്ചത്. എന്നാല്‍ അവസാന നിമിഷം അത് നടക്കാതെ വരികയായിരുന്നു. അഞ്ച് ലക്ഷത്തിന്റെ രണ്ട് ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കര്‍ണാടകയില്‍നിന്ന് തന്നെ ആളുകള്‍ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകള്‍ അവസാന നിമിഷം കോടതിയില്‍വെച്ച് പിന്മാറുകയായിരുന്നു.

എന്തുകൊണ്ടാണ് പിന്മാറിയതെന്ന കാര്യം വ്യക്തമല്ല. പകരം രണ്ടുപേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. അതിനാല്‍ ബിനീഷ് ഇന്ന് ജയില്‍ മോചിതനാവില്ല എന്നാണ് വിവരം.

കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ മോചന ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കുകയുള്ളു. ജാമ്യക്കാരെ നാളെ കോടതിയില്‍ വീണ്ടും ഹാജരാക്കി ജാമ്യവ്യവസ്ഥകള്‍ എല്ലാം പാലിച്ചുകൊണ്ട് മാത്രമേ ബിനീഷിന് ഇറങ്ങാന്‍ കഴിയൂ. നാളെ ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest News