സമീർ വാങ്കഡെക്കെതിരെ തെളിവുകൾ ലഭിച്ചാൽ അദ്ദേഹം കേസിൽ പ്രതിയാകാനുള്ള സാധ്യതയും നിലവിലുണ്ട്. ഇപ്പോഴത്തെ കേസിൽ നിരപരാധിയാണെന്ന് തെളിഞ്ഞാൽ കള്ളക്കേസിൽ കുടുക്കിയതിന് മഹാരാഷ്ട്ര പോലീസിൽ തന്നെ പരാതി നൽകാനും ആര്യൻ ഖാന് കഴിയും. സമീർ വാങ്കഡെയുടെ ഭാര്യ നടിയായ ക്രാന്തി രേദ്കർ ആയതിനാൽ സിനിമാ രംഗത്തെ കുടിപ്പക ആര്യനെതിരായ കേസിന് പിന്നിലുണ്ടെന്ന വാദവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. കാര്യങ്ങൾ എന്തായാലും പുറത്ത് വരുന്ന വിവാദങ്ങൾ വാദിയെ പ്രതിയാക്കുന്ന തരത്തിലാണ്.
ക്രിക്കറ്റ് പോലെ ഇന്ത്യക്കാരെ ഒരുമിപ്പിക്കുന്ന ഒന്നാണ് ബോളിവുഡ്. ഹിന്ദി സിനിമാ താരങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും ശ്രദ്ധേയമാണ്. 90 കളുടെ തുടക്കത്തിൽ മുംബൈ മഹാനഗരത്തിൽ കലാപത്തീ ആളിപ്പടർന്ന ഘട്ടം. പോലീസേതെന്നോ സാമുദായിക ലഹളയുണ്ടാക്കുന്നവരേതെന്നോ തിരിച്ചറിയാൻ കഴിയാത്ത വേള. അടിയന്തരമായി മഹാനഗരം പട്ടാളത്തെ ഏൽപിക്കണമെന്ന് പ്രധാനമന്ത്രി നരസിംഹ റാവുവിനെ കണ്ടു പറയാൻ താരങ്ങളായ ശബാന ആസ്മിയും കമൽ ഹാസനുമേ ഉണ്ടായിരുന്നുള്ളു. അടുത്തിടെ പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ സമയത്തും ബോളിവുഡ് താരങ്ങളുടെ സാന്നിധ്യമാണ് സമരത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുത്തത്. മിനിറ്റുകൾക്ക് ലക്ഷങ്ങൾ പ്രതിഫലമുള്ള ദീപിക പദുകോൺ വരെ ദൽഹി ജാമിഅ മില്ലിയ സമരവേദിയിലും മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പരിസരത്തും മണിക്കൂറുകൾ ചെലവഴിച്ചത് ചെറിയ കാര്യമല്ല. ബോളിവുഡ് താരങ്ങളുടെ കുടുംബ ജീവിതം സദാചാര മൂല്യങ്ങൾ മുറുകെ പിടിച്ചായിരിക്കില്ല. എന്നാലും ഇന്ത്യയുടെ വൈവിധ്യവും ഐക്യവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരാണേറെയും. ഷാരൂഖ് ഖാന്റെ മകൻ മയക്കുമരുന്നുമായി പിടിക്കപ്പെട്ടതിനും ഒരു മാസത്തോളം തടവറയിൽ കഴിയേണ്ടി വന്നതിനും പിന്നിൽ നാട് ലഹരി മുക്തമാക്കൽ മാത്രമല്ല ഉദ്ദേശ്യമെന്ന് പലരും സംശയിക്കുന്നുണ്ട്.
ഒക്ടോബർ മൂന്നിന് എൻ.സി.ബി അറസ്റ്റ് ചെയ്ത് ആർതർ റോഡ് ജയിലിലടച്ച ആര്യൻ ഖാന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. മകൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിൽ ഷാരൂഖ് കടുത്ത മനോവിഷമത്തിലാവുന്നത് സ്വാഭാവികം.
ആര്യൻ ഖാൻ കൗൺസലിംഗിനിടെ ഷാരൂഖിനെപ്പറ്റി എൻ.സി.ബിയോട് പറഞ്ഞ കാര്യവും ചർച്ചയാവുന്നുണ്ട്. തന്റെ അച്ഛൻ എപ്പോഴും തിരക്കിലായിരുന്നെന്നും അതിനാൽ അദ്ദേഹത്തെ ഇടയ്ക്ക് കാണാൻ വേണ്ടി താൻ അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടി വന്നിട്ടുണ്ടെന്നും ആര്യൻ പറഞ്ഞിട്ടുണ്ട്. ഷാരൂഖിന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലുള്ള മകനെ കാണാൻ വേണ്ടി എൻ.സി.ബിയുടെ അനുമതി വാങ്ങി കാത്തിരിക്കേണ്ടി വരികയും ചെയ്തു.
ഈ കേസ് മറാത്ത രാഷ്ട്രീയത്തെയും ആകെ ഇളക്കി മറച്ചിരിക്കുകയാണ്. എൻ.സി.പി, ശിവസേന തുടങ്ങിയ പ്രമുഖ പാർട്ടികൾ ആര്യൻ ഖാനെതിരായ കേസിനെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ബി.ജെ.പിയുടെ പാവയാണ് എൻ.സി.ബിയുടെ സോണൽ തലവൻ സമീർ വാങ്കഡെയെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു. എൻ.സി.പി നേതാവ് കൂടിയായ മാലിക് ശരത് പവാറിന്റെ അനുമതിയില്ലാതെ ഒരു പ്രതികരണം നടത്താനുള്ള സാധ്യതയില്ല.
കേന്ദ്ര സർക്കാരിനു കീഴിലുള്ള എൻ.സി.ബിയാണ് ആഡംബര കപ്പലിൽ നിന്നും ആര്യൻ ഖാനെ പിടികൂടിയിരുന്നത്. ഇതൊരു ട്രാപ് ആയിരുന്നു എന്നാണ് ശ്രുതി.
അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയ്‌ക്കെതിരെ വേറെയും ഗുരുതര ആരോപണങ്ങൾ നവാബ് മാലിക് ഉയർത്തിയിട്ടുണ്ട്. ആര്യൻ ഖാനെയും ലഹരി വസ്തു ഇടപാടിൽ കുറ്റാരോപിതനായ അർബാസ് മെർച്ചന്റിനെയും മുംബൈയിലെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിലേക്ക് അനുഗമിച്ചത് സ്വകാര്യ വ്യക്തികളാണെന്നും എൻ.സി.ബി ഉദ്യോഗസ്ഥരല്ലെന്നുമാണ് നവാബ് മാലിക് ചൂണ്ടിക്കാട്ടുന്നത്. മഹാരാഷ്ട്ര സംസ്ഥാനത്തെയും ബോളിവുഡ് വ്യവസായത്തെയും താഴ്ത്തിക്കെട്ടാനായി ബി.ജെ.പിയും എൻ.സി.ബിയും ചേർന്നൊരുക്കിയ നാടകമാണ് ആര്യന്റെ അറസ്റ്റെന്നും അദ്ദേഹം ആരോപിച്ചു. ആര്യനൊപ്പം ഉണ്ടായിരുന്നത് ബി.ജെ.പി ഭാരവാഹിയെന്ന് അവകാശപ്പെടുന്ന മനീഷ് ഭാനുശാലി, സ്വകാര്യ ഡിക്റ്റക്ടീവാണെന്ന് അവകാശപ്പെടുന്ന കെ.പി. ഗോസാവി എന്നിവരാണെന്നും മാലിക് ആരോപിക്കുന്നു. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളും അദ്ദേഹം ഹാജരാക്കി. ബോളിവുഡ് താരങ്ങൾ പ്രതികളായ കേസുകളിൽ സമീർ വാങ്കഡെ നിയമ വിരുദ്ധമായി ഇടപെട്ടതിന് തെളിവായി എൻ.സി.ബി ഉദ്യോഗസ്ഥൻ അയച്ച കത്താണ് നവാബ് മാലിക് പുറത്തുവിട്ടത്. ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീർ വാങ്കഡെ പണം തട്ടിയെന്നാണ് ഈ കത്തിൽ ആരോപിച്ചിരുന്നത്. ഉന്നത ഉദ്യോഗസ്ഥനും ഇടനിലക്കാരനും 25 കോടി രൂപ ഷാരൂഖിൽനിന്ന് ആവശ്യപ്പെട്ടെന്നാണ് സാക്ഷിയുടെ വെളിപ്പെടുത്തൽ. 25 കോടി ചോദിച്ചെങ്കിലും 18 നു തീർപ്പാക്കാമെന്നും എട്ട് കോടി സമീർ വാങ്കഡെയ്ക്ക് ഉള്ളതാണെന്നും ഒത്തുതീർപ്പിനു മുൻകൈയെടുത്ത പ്രധാന സാക്ഷി കെ.പി. ഗോസാവി ഫോണിൽ പറയുന്നതു കേട്ടു എന്നാണ് മറ്റൊരു സാക്ഷിയായ പ്രഭാകർ സയിലിന്റെ വെളിപ്പെടുത്തൽ. ഗോസാവിയുടെ സുഹൃത്തായ സാം ഡിസൂസയിൽനിന്നും 38 ലക്ഷം രൂപ കൈപ്പറ്റിയത് താനാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഒന്നും എഴുതാത്ത വെള്ളക്കടലാസിൽ ഒപ്പിട്ടു വാങ്ങിച്ചെന്നും പ്രഭാകർ പറഞ്ഞു. ദീപിക പദുകോൺ, രാകുൽ പ്രീത് സിംഗ്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ എന്നിവരെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയതായ ഗുരുതര ആരോപണവും കത്തിലുണ്ട്. അഭിഭാഷകനായ അയാസ് ഖാൻ വഴിയാണ് പണം കൈപ്പറ്റിയതെന്നാണ് വാദം.
സമീർ വാങ്കഡെക്കെതിരെ തെളിവുകൾ ലഭിച്ചാൽ അദ്ദേഹം കേസിൽ പ്രതിയാകാനുള്ള സാധ്യതയും നിലവിലുണ്ട്. ഇപ്പോഴത്തെ കേസിൽ നിരപരാധിയാണെന്ന് തെളിഞ്ഞാൽ കള്ളക്കേസിൽ കുടുക്കിയതിന് മഹാരാഷ്ട്ര പോലീസിൽ തന്നെ പരാതി നൽകാനും ആര്യൻ ഖാന് കഴിയും.
സമീർ വാങ്കഡെയുടെ ഭാര്യ നടിയായ ക്രാന്തി രേദ്കർ ആയതിനാൽ സിനിമാ രംഗത്തെ കുടിപ്പക ആര്യനെതിരായ കേസിന് പിന്നിലുണ്ടെന്ന വാദവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. കാര്യങ്ങൾ എന്തായാലും പുറത്ത് വരുന്ന വിവാദങ്ങൾ വാദിയെ പ്രതിയാക്കുന്ന തരത്തിലാണ്.
രാജ്യം ചർച്ച ചെയ്യുന്ന സെൻസിറ്റീവ് വിഷയം ആയതിനാൽ കേന്ദ്ര സർക്കാരും ഗൗരവമായാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെ നോക്കിക്കാണുന്നത്. ഷാരൂഖിനെ പോലെയുള്ള വലിയ ഒരു താരത്തെ ശത്രു പാളയത്തിലേക്ക് എറിഞ്ഞു കൊടുക്കാൻ ബി.ജെ.പി നേതൃത്വവും ഒരുക്കമല്ല. അതുകൊണ്ടു കൂടിയാണ് സമീർ വാങ്കഡെക്കെതിരായ അന്വേഷണവും ദ്രുതഗതിയിലാക്കിയത്. മഹാരാഷ്ട്ര പോലീസിനു മുതലെടുക്കാനുള്ള ഒരവസരം നൽകരുതെന്ന അഭിപ്രായം ഇക്കാര്യത്തിൽ എൻ.സി.ബി ഉദ്യോഗസ്ഥർക്കുമുണ്ട്.
മകനെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചതിലെ പക തീർക്കാൻ ഷാരൂഖ് ഖാൻ ശ്രമിച്ചാൽ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അത് വലിയ വെല്ലുവിളിയായി മാറും. അടുത്ത അഞ്ചു വർഷം കൂടി മഹാരാഷ്ട്ര ഭരിക്കണമെന്നതാണ് ശിവസേനയും എൻ.സി.പിയും അടങ്ങുന്ന മഹാവികാസ് അഘാഡി സഖ്യം ആഗ്രഹിക്കുന്നത്. ആര്യൻ ഖാൻ നിരപരാധിയെന്ന് തെളിഞ്ഞാൽ രാജ്യവ്യാപകമായി വിഷയം ഉയർത്തിക്കൊണ്ടുവരാനാണ് കോൺഗ്രസിന്റെയും തീരുമാനം. ആത്യന്തികമായി കോൺഗ്രസും ആഗ്രഹിക്കുന്നത് ഷാരൂഖ് ഖാന്റെ പിന്തുണ തന്നെയാണ്. മറ്റു ഖാൻമാരെ അപേക്ഷിച്ച്് ക്ലീൻ ഇമേജുള്ള ഷാരൂഖിനെ പ്രയാസത്തിലാക്കിയത് സംഘ് സഹയാത്രികയായ കങ്കണ റണാവത്തിനല്ലാതെ ബോളിവുഡിൽ ആർക്കും രസിച്ചിട്ടില്ലെന്നതാണ് സത്യം.