മുംബൈ- ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടില്‍ കേസില്‍ ഉള്‍പ്പെട്ട ആര്യന്‍ ഖാന്‍ ജാമ്യം ലഭിച്ച് ഇന്ന് വീട്ടിലേക്ക് മടങ്ങും. ബോംബെ ഹൈക്കോടതി ഇന്നലെ ആര്യന് ജാമ്യം അനുവദിച്ചെങ്കിലും കോടതി ഉത്തരവിറങ്ങി നപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വെള്ളിയാഴ്ച വൈകീട്ടോടെ മാത്രമെ ജയിലില്‍ നിന്നിറങ്ങാനാകൂ. ഇന്നിറങ്ങിയ കോടതിയുടെ ഉത്തരവ് പ്രകാരം 14 ഉപാധികളോടെയാണ് ആര്യന് ജാമ്യം അനുവദിച്ചിട്ടുള്ളത്.
പോലീസിനെ അറിയിക്കാതെ മുംബൈ വിട്ടു പോകാന്‍ പാടില്ല, എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 മണിക്കും രണ്ടു മണിക്കുമിടയില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഓഫീസില്‍ ഹാജരാകണം എന്നിവയാണ് പ്രധാന ഉപാധികള്‍. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കുകയും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും വേണം. അനുമതിയില്ലാതെ രാജ്യം വിടാനും പാടില്ല. കേസിലെ മറ്റു പ്രതികളായ അര്‍ബാസ് ഉള്‍പ്പെടെയുള്ളവരുമായി സംസാരിക്കാന്‍ പാടില്ല, മാധ്യമങ്ങളോടും സംസാരിക്കാന്‍ പാടില്ല, കേസിനു സമാനമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും പാടില്ല. കോടതി വാദംകേള്‍ക്കലിന് ഹാജരാകണം, ആവശ്യമായ ഘട്ടങ്ങളിലെല്ലാം അന്വേഷണത്തോട് സഹകരിക്കണം എന്നിവയാണ് ഉപാധികള്‍. ഇവയില്‍ ഏതെങ്കിലും ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയോട് ആപേക്ഷാമെന്നും കോടതി ഉത്തരവ് പറയുന്നു.