പനജി- ഗോവി തെരഞ്ഞെടുപ്പിനു മുന്നോടിയായി ടെന്നിസ് താരം ലിയാണ്ടര്‍ പെയ്‌സ്, നടി നഫിസ അലി, ആക്ടിവിസ്റ്റ് മൃണാലിനി ദേശ്പ്രഭു എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ ആദ്യമായാണ് ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത്. പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പര്യടനത്തിനായി ഗോവയിലെത്തിയിട്ടുണ്ട്. മമത പങ്കെടുത്ത ചടങ്ങിലാണ് സെലിബ്രിറ്റി താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തൃണമൂല്‍ അംഗത്വം സ്വീകരിച്ചത്.
ടെന്നിസില്‍ നിന്ന് വിരമച്ച ഞാന്‍ രാഷ്ട്രീയത്തിലൂടെ ജനങ്ങളെ സേവിക്കാനും രാജ്യത്തൊരു മാറ്റം ഉണ്ടാക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് 48കാരനായ പെയ്‌സ് പറഞ്ഞു. സംസ്ഥാനത്ത് ബിജെപിക്ക് ശക്തരായ എതിരാളികള്‍ തങ്ങളാണെന്നാണ് തൃണമൂല്‍ പ്രചരണം. ഗോവയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്. മമത ഗോവയിലെ പല പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.