റിയാദ് - സൗദി-ഇന്ത്യ ബന്ധത്തെക്കുറിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നടത്തിയ പ്രസ്താവന അനശ്വരമാക്കി ജനാദ്രിയ ഫെസ്റ്റിവലിലെ ഇന്ത്യൻ പവിലിയൻ. 'സംയുക്ത താൽപര്യങ്ങൾക്ക് ഗുണകരമായ നിലയിൽ, നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം യാഥാർഥ്യമാക്കുന്നതിന്, നമ്മുടെ ചർച്ചകൾ ഉഭയകക്ഷിബന്ധവും വ്യത്യസ്ത മേഖലകളിൽ സഹകരണവും ശക്തിപ്പെടുത്തുന്നതിന് ഉതകുമെന്ന കാര്യത്തിൽ നാം ഉറച്ചുവിശ്വസിക്കുന്നു' -എന്ന സൽമാൻ രാജാവിന്റെ പ്രസ്താവനയാണ് ജനാദ്രിയ ഫെസ്റ്റിവലിൽ ഇന്ത്യൻ പവിലിയനിൽ കൂറ്റൻ ഫഌക്‌സിൽ ആലേഖനം ചെയ്ത് പ്രദർശിപ്പിച്ചിരിക്കുന്നത്. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും സൗദ് രാജാവിന്റെ കാലം തൊട്ട് സൽമാൻ രാജാവിന്റെ കാലഘട്ടം വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധവും വ്യക്തമാക്കുന്ന നിരവധി ഫോട്ടോകളും പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സാംസ്‌കാരിക-സാമ്പത്തിക നേട്ടങ്ങൾ, സുഗന്ധ വ്യവസായം, തുണി വ്യവസായം, ഇന്ത്യയിലെ അറബിക് കാലിഗ്രാഫി, യോഗ, വ്യവസായ പുരോഗതി എന്നിവയെല്ലാം സന്ദർശകർക്ക് പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ പവിലിയനിലുണ്ട്. പവിലിയനിലെ ഓപ്പൺ തിയേറ്ററിൽ പരമ്പരാഗത നൃത്തരൂപങ്ങളും കലാകാരന്മാരും വിദ്യാർഥികളും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറുന്നു. ഇന്ത്യൻ സംസ്‌കാരം പരിചയപ്പെടുത്തുന്ന ബുക്‌ലെറ്റുകളും ബ്രോഷറുകളും പവിലിയനിലെ ഇന്ത്യൻ എംബസി സ്റ്റാൾ വഴി വിതരണം ചെയ്യുന്നു. ഇരുപത്തിയൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിനിടെ ലക്ഷക്കണക്കിന് സന്ദർശകർ ഇന്ത്യൻ പവിലിയൻ സന്ദർശിക്കുമെന്നാണ് കരുതുന്നത്. ഈ വർഷത്തെ ജനാദ്രിയ ഫെസ്റ്റിവൽ നഗരിയിൽ ഒരു കോടിയോളം പേർ എത്തുമെന്നാണ് കണക്കാക്കുന്നത്. വിശിഷ്ടാതിഥി രാജ്യമെന്നോണം ഫെസ്റ്റിവൽ നഗരിയിലെ ഏറ്റവും വലിയ പവിലിയൻ ഇന്ത്യയുടെതാണ്.