ഗുഡ്ഗാവ്- ദല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ ഗുഡ്ഗാവില്‍ വീണ്ടും ജുമുഅ നമസ്‌കാരം നിര്‍വഹിക്കാനെത്തിയ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങളുമായി പ്രകടനം നടന്നു. തുടര്‍ച്ചയായ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് നമസ്‌കാരം തടയുന്ന ഈ പ്രകടനം നടന്നത്. തീവ്രഹിന്ദുത്വ വാദികളാണ് ഗുഡ്ഗാവ് ഭരണകൂടം നമസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ട് ആക്രോഷങ്ങളുമായി പ്രകടനമായെത്തിയത്. ഇവരെ പോലീസ് തടഞ്ഞു. ഗുഡ്ഗാവ് സെക്ടര്‍ 12-എയില്‍ പോലീസിനെ വന്‍തോതില്‍ വിന്യസിച്ചിരുന്നു. പ്രകടനത്തില്‍ പങ്കെടുത്ത 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സെക്ടര്‍ 12-എയിലും 47ലും ഈ മാസം ഒന്നിലേറെ തവണ കൂട്ട നമസ്‌കാരത്തിനെതിരെ ഹിന്ദുത്വ തിവ്രവാദ സംഘടനകള്‍ പ്രതിഷേധിക്കുകയും തടയുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഈ വെള്ളിയാഴ്ച പോലീസ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ സന്നാഹമൊരുക്കിയിരുന്നു.
ഗുഡ്ഗാവില്‍ എല്ലാം സമാധാനപരമാണെന്നും നമസ്‌ക്കാരം തടയാന്‍ ശ്രമിച്ചവരെ പിടികൂടിയിട്ടുണ്ടെന്നും ഗുഡ്ഗാവ് എസ്ഡിഎം അനിത ചൗധരി പറഞ്ഞു. ഇവരുമായി കഴിഞ്ഞ ആഴ്ചകളില്‍ ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നു. ഇത്തവണ വേഗത്തില്‍ തന്നെ നടപടി സ്വീകരിച്ചുവെന്നും അവര്‍ പറഞ്ഞു. ഈ മേഖലയില്‍ പ്രത്യേകമായി അനുമതി നല്‍കിയ 37 ഇടങ്ങളില്‍ നമസ്‌കാരം നടന്നു. നമസ്‌കാരത്തിന് എത്തുന്നവര്‍ക്ക് പൂര്‍ണ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും എസ് ഡി എം പറഞ്ഞു. നമസ്‌കാരം അവസാനിപ്പിക്കൂ, ഗുഡ്ഗാവ് ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിക്കൂ എന്നീ മുദ്രാവാക്യങ്ങളുമായി ഒരു ചെറു സംഘമാണ് ഇന്ന് നമസ്‌കാരം തടയാനെത്തിയത്. ഇവരെ പോലീസ് തുരത്തിവിടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഗുഡ്ഗാവില്‍ നമസ്‌കാരം തടയല്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. മുന്‍ ബിജെപി നേതാവും അഭിഭാഷകനുമായ കുല്‍ഭൂഷന്‍ ഭരദ്വാജും കഴിഞ്ഞയാഴ്ച ഗുഡ്ഗാവില്‍ നമസ്‌കാരത്തിനെതിരെ പ്രതിഷേധിക്കാന്‍ എത്തിയിരുന്നു. ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളുടെ പൗരത്വ സമരത്തിനു നേരെ വെടിയുതിര്‍ത്തതിന് അറസ്റ്റിലായ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകനാണ് കുല്‍ഭൂഷന്‍. പ്രാര്‍ത്ഥന നടത്താനായി സര്‍ക്കാര്‍ പ്രത്യേകം മാറ്റിവെച്ച സ്ഥലത്താണ് മുസ് ലിംകള്‍ അധികൃതരുടെ അനുമതിയോടെ വെള്ളിയാഴ്ച കുട്ട നമസ്‌കാരം നടത്തി വരുന്നത്. എന്നാല്‍ തുറന്ന സ്ഥലത്ത് ഇതു അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്.