Sorry, you need to enable JavaScript to visit this website.

കേരള ഹൗസിലെ ഡിവൈഎഫ്‌ഐ യോഗം,   പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ദല്‍ഹയിലെ  കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നത് വിവാദത്തിലായി. പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ചട്ടം മറികടന്ന് ഡിവൈഎഫ്‌ഐക്കായി കോണ്‍ഫറന്‍സ് മുറി അനുവദിച്ചെന്നാണ് ആരോപണം. കേരള ഹൗസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ഇന്ന് കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന മന്ത്രി മുഹമ്മദ് റിയാസും യോഗത്തില്‍ പങ്കെടുത്തിരുന്നു. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ദല്‍ഹി വക്താവ് വിനീത് തോമസ് അറിയിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം പിഎ മുഹമ്മദ് റിയാസിന് പകരം നിലവിലെ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെ ദേശീയ അധ്യക്ഷനാക്കാനുള്ള തീരുമാനം എടുത്തിരുന്നു. അടുത്ത അഖിലേന്ത്യാ സമ്മേളനം വരെയാണ് റഹീമിന് ചുമതല. താത്കാലിക ചുമതലയാണ് ഇപ്പോള്‍ റഹീമിന് നല്‍കുന്നതെങ്കിലും ഡിവൈഎഫ്‌ഐയുടെ അടുത്ത സമ്മേളനത്തില്‍ റഹീം നേരിട്ട് അധ്യക്ഷനാവാണ് സാധ്യത. ഇന്നലെ  ചേര്‍ന്ന ഫ്രാക്ഷന്‍ യോഗത്തില്‍ റഹീമിന് ചുമതല നല്‍കുന്നത് സംബന്ധിച്ച് ധാരണയായിരുന്നു.നിലവിലെ ഡിവെഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസ് രണ്ടാം പിണറായി സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് സംഘടനാ ചുമതല ഒഴിയുന്നത്. റഹീം ദേശീയ നേതൃത്വത്തിലേക്ക് മാറുന്നതോടെ സംസ്ഥാന ഡിവെഎഫ്‌ഐ നേതൃത്വത്തിലും മാറ്റമുണ്ടാവും. എം.വിജിന്‍, കെവി സുമേഷ്, സച്ചിന്‍ ദേവ്, കെ റഫീഖ് എന്നിവരുടെ പേരുകള്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനുണ്ടാവും. കേരളത്തില്‍ നിന്നുള്ള മറ്റൊരു നേതാവായ ജെയ്ക്ക് പി തോമസിനെ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
 

Latest News