കോൺഗ്രസിൽ പ്രവർത്തിച്ച പൂർവകാലം പറഞ്ഞ് കോൺഗ്രസുകാരെ നേരിടുന്നതാണ് നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ രീതി. ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനോട് ഏറ്റുമുട്ടിയപ്പോഴും അതു തന്നെ പറഞ്ഞിട്ടുണ്ട്. പഠിക്കുന്ന കാലത്ത് താൻ കെ.എസ്.യുവിനായി പൊരുതി നിൽക്കുമ്പോൾ ഷൗക്കത്ത് മറ്റേതോ മേഖലയിലായിരുന്നുവെന്ന അൻവറിന്റെ വിമർശം കുറച്ചൊന്നുമായിരിക്കില്ല ആര്യാടൻ മുഹമ്മദ് തന്റെ മാത്രം രീതിയിൽ നട്ടു നനച്ച നിലമ്പൂരിന്റെ കോൺഗ്രസ്-യു.ഡി.എഫ് മണ്ണിൽ നല്ല വിലക്ക് വിറ്റ് പോയത്. പ്രതി പക്ഷ നേതാവ് വി.ഡി. സതീശനെതിരായ പോരിലും ഇതുപോലുള്ള വാക് തന്ത്രങ്ങൾ തന്നെ അൻവർ പ്രയോഗിക്കുകയാണ്. സതീശനെതിരെ മണി ചെയിൻ തട്ടിപ്പ് ആരോപണം ഉന്നയിച്ച അൻവറിന്റെ ഉന്നം കോൺഗ്രസിലെ പോര് തന്നെ. അൻവറിന്റെ ആരോപണങ്ങൾ വ്യക്തി പരമായ വിശദീകരണത്തിലുടെ ചോദ്യം ചെയ്ത സതീശൻ അതെല്ലാം പൂർണമായി നിഷേധിച്ചു. നിയമസഭയിലേക്ക് തിരിഞ്ഞു നോക്കാതെ ആഫ്രിക്കയിൽ ബിസിനസിന് പോയ അൻവറിന്റെ ചട്ട വിരുദ്ധ നടപടിയൊക്കെ അപ്രസക്തമാക്കാൻ അൻവറിന്റെ മണി ചെയിൻ ആരോപണ തിരിച്ചടിക്ക് കഴിഞ്ഞു. നടപടി എടുക്കാൻ മാത്രമുള്ള ചട്ടവിരുദ്ധതയൊക്കെ അൻവറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിൽ തന്നെ അത്തരമൊരു നടപടിക്കുള്ള വിദൂര സാധ്യത പോലും ഇന്നില്ല. കാരണം നിലമ്പൂരിന്റെ മണ്ണ് സി.പി.എമ്മിന് വീണ്ടടുക്കാനായത് അൻവർ വഴിയാണ്. അതു കൊണ്ട് അൻവർ കച്ചവടം ചെയ്യാൻ ദക്ഷിണാഫ്രിക്കയിലല്ല, അന്റാർട്ടിക്കയിലേക്ക് പോയാലും സി.പി.എമ്മിനൊന്നുമില്ല. അൻവറിന്റെ ആഫ്രിക്കൻ ഖനിയൊന്നും സി.പി.എമ്മിന് ഇന്നൊരു വിഷയമേ അല്ല.
കേരളത്തിലെ സ്ത്രീ സുരക്ഷയായിരുന്നു അടിയന്തര പ്രമേയ നോട്ടീസ് വിഷയം. കോൺഗ്രസിലെ റോജി എം. ജോൺ കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾവർദ്ധിച്ചു വരുന്നുവെന്ന് സമീപകാല സംഭവങ്ങൾ എടുത്തു കാണിച്ചു സമർഥിച്ചു. ഇടക്കെപ്പോഴോ കേരളത്തിലെ സംഭവങ്ങളെ ഉത്തരേന്ത്യൻ സ്ഥിതി യോടുപമിച്ചപ്പോൾ അരനിമിഷം വൈകാതെ മുഖ്യമന്ത്രിയുടെ ഇടപെടൽ വന്നു -ആരെ സന്തോഷിപ്പിക്കാനാണ് ഇതു പറയുന്നത്? ആ താരതമ്യത്തിൽ ബി.ജെ.പി ബന്ധം ആരോപിച്ചാൽ കിട്ടുന്ന രാഷ്ട്രീയ ഗതി ദൂരം മുഖ്യമന്ത്രിയെ ആരും പഠിപ്പിക്കേണ്ടതില്ല. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കരുതലിനെപ്പറ്റിയുള്ള പ്രതിപക്ഷ ആരോപണത്തെ കൊണ്ടോട്ടി കൊട്ടുക്കരയിലെ 15 കാരന്റെ സ്ത്രീ പീഠന ശ്രമം വെച്ച് മുഖ്യമന്ത്രി നേരിട്ടു. പാൽ മണംമാറാത്ത ആ കുഞ്ഞ് അങ്ങിനെയൊരു കുറ്റകൃത്യം ചെയ്യുമെന്ന് നമുക്കാർക്കെങ്കിലും സങ്കൽപ്പിക്കാനാകമായിരുന്നോ? ഇത്തരം കുറ്റകൃത്യങ്ങൾ മുൻ കൂട്ടി കാണുക പ്രയാസമാണ്. ഉന്നാവോ, കത്വ എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്ന നമ്മൾ മലയാളികൾ അതൊന്നും കേരളത്തിലുണ്ടാകില്ലെന്ന് അഹങ്കരിച്ചവരായിരുന്നു. ഇപ്പോഴിതാ എല്ലാം കേരളത്തിലും -അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇറങ്ങി പോകും മുമ്പ് ചെയ്ത പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കുകകാളായിരുന്നു അത്. ക്രിമിനലുകൾക്ക് നിയമ സംവിധാനത്തെ ഭയമില്ലാതായി എന്നതാണ് കേരളം ഇന്നെത്തിയ അവസ്ഥക്ക് കാരണം. ഇതെല്ലാം കാണുമ്പോൾ ഡോ. എം.കെ. മുനീർ ഓർത്തത് മുൻ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈന്റെ വാക്കുകളാണ് അനുഭവിച്ചോളൂ, അനുഭവിച്ചോളൂ....
ലീഗ് അംഗം എൻ.എ. നെല്ലിക്കുന്ന് ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം പാളയം മാർക്കറ്റിലൊന്നു കയറി. മീനിന് വില ചോദിച്ചു. അയക്കൂറക്ക് കിലോ ആയിരം രൂപ. പെടക്കണ അയക്കൂറക്ക് (തിരുവനന്തപുരത്ത് നെയ്്മീൻ) കാസർക്കോട് കിലോ 500 രൂപയെ ഉള്ളൂ. അയക്കൂറയുടെ വിലക്കയറ്റമായിരുന്നില്ല അംഗത്തിന്റെ വിഷയം. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഒരിക്കലും മാറാത്ത അവസ്ഥയായിയിരുന്നു. മീനിന് വാങ്ങുന്ന വൻ വിലയൊന്നും ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് കിട്ടുന്നില്ല. എല്ലാം ഇടനിലക്കാർ കൊണ്ടു പോവുകയാണെന്ന് അത്തരം തൊഴിലാളികളുടെ ജീവിത പരിസരത്ത് താമസിക്കുന്ന നെല്ലിക്കുന്നിനറിയാം. കേരളത്തിലെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട ബിൽ ചർച്ചയിൽ സംസാരിക്കവേയായിരുന്നു മീനുമായി ന്ധപ്പെട്ട് പണിയെടുക്കുന്നവരുടെ മാറാത്ത ദൈന്യത അംഗം വിവരിച്ചത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ മനസ്സിലാക്കാതെയാണ് നിയമ നിർമാണങ്ങളെല്ലാം എന്നായിരുന്നു കോൺഗ്രസിലെ പി.സി. വിഷ്്ണു നാഥിന്റെ വിമർശം.