Sorry, you need to enable JavaScript to visit this website.

കെ.പി. ഉമ്മർ മരണപ്പെട്ടിട്ട്  രണ്ട് പതിറ്റാണ്ട്; ജന്മനാട്ടിൽ സുന്ദരനായ വില്ലന് സ്മാരകങ്ങളൊന്നുമില്ല

കെ.പി. ഉമ്മർ

ഒരു കാലത്ത് മലബാറിലെ സിനിമാ പ്രേമികളുടെ വെള്ളിത്തിരയിലെ ആവേശങ്ങളിലൊന്നായിരുന്ന കെ.പി. ഉമ്മറിനെ അധികൃതർ ഇപ്പോഴും പാടെ മറന്നിരിക്കുന്നു.

കോഴിക്കോട്- കാലാവശേഷനായി രണ്ട് പതിറ്റാണ്ടു പിന്നിടുമ്പോഴും മലയാളത്തിന്റെ സുന്ദരവില്ലനെ ഓർമിച്ചെടുക്കാൻ ജന്മനാട്ടിൽ സ്മാരകങ്ങളൊന്നുമില്ല.
മലയാള സിനിമാ ലോകത്ത് സുന്ദരനായ വില്ലനെന്ന് ആദ്യമായി അറിയപ്പെട്ടിരുന്ന കോഴിക്കോട്ടുകാരൻ കെ.പി. ഉമ്മറിന്റെ സംഭാവനകളെ ഓർമിച്ചെടുക്കുവാനുള്ള ഒരു സ്മാരകവുമില്ലാതായിരിക്കുകയാണ് കോഴിക്കോട് പട്ടണത്തിൽ. കോഴിക്കോട്ടുകാരനാണെന്നതിൽ ഏറെ അഭിമാനിക്കുകയും അത് തന്റെ സഹപ്രവർത്തകരോട് എപ്പോഴും അഭിമാനത്തോടെ പറയുകയും ചെയ്തിരുന്ന ഞമ്മളെ കോഴിക്കോട്ടുകാരനെ തന്നെയാണ് മരണപ്പെട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴേക്ക് ജന്മനാട് തന്നെ മറന്നിരിക്കുന്നത്.


2001 ഒക്‌ടോബർ 29 നാണ് കെ.പി. ഉമ്മർ ചെന്നൈയിൽവെച്ച് മരണപ്പെടുന്നത്. അതിനുശേഷം എല്ലാവർഷവും ഈ ദിവസം ഇദ്ദേഹത്തിന് സ്മാരകമൊരുക്കുന്നതിനെക്കുറിച്ചും മറ്റും ചർച്ച ഉയർന്നുവരാറുണ്ടെങ്കിലും ഇപ്പോഴും ഇതിനൊരു നിയതരൂപം വന്നിട്ടില്ല. ഉമ്മറിന്റെ സതീർഥ്യരായിരുന്ന സത്യനും പ്രേംനസീറിനുമെല്ലാം ഒന്നും രണ്ടും സ്മാരകങ്ങൾ വരെ ഉയർന്നുകഴിഞ്ഞ സമയത്താണ്, ഒരു കാലത്ത് മലബാറിലെ സിനിമാ പ്രേമികളുടെ വെള്ളിത്തിരയിലെ ആവേശങ്ങളിലൊന്നായിരുന്ന കെ.പി. ഉമ്മറിനെ അധികൃതർ ഇപ്പോഴും പാടെ മറന്നിരിക്കുന്നത്. വലിയ വർത്തക പ്രമാണിമാരുടെ പേരിൽപോലും റോഡുകളുള്ള കോഴിക്കോട് പട്ടണത്തിൽ കോർപറേഷന്റെ ഒരു റോഡിന് നാമകരണം പോയിട്ട്, ടൗൺ ഹാളിൽ ഈ കലാകാരന്റെ ഒരു ഛായാചിത്രം പോലും ഇതുവരെ തൂക്കിയിട്ടില്ല. കോർപറേഷന്റെ കീഴിലുള്ള സാംസ്‌കാരിക കേന്ദ്രത്തിന് തീർത്തും പുതിയ തലമുറയിലെ സിനിമാക്കാരുടെയടക്കം പേരിട്ടപ്പോഴും കെ.പി. ഉമ്മറിനെ ഓർമിച്ചിരുന്നില്ല.


കെ.ടി. മുഹമ്മദിന്റെ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായപ്പോഴും അവിടെനിന്ന് കെ.പി.എ.സിയിലെ മുഴുസമയ നായകനായപ്പോഴും കോഴിക്കോട് നടക്കാവിൽ തന്നെയായിരുന്നു ഇദ്ദേഹം താമസം. പിന്നീട് സിനിമയിൽ തിരക്കേറിയപ്പോഴാണ് ഇവിടെ നിന്ന് മദിരാശിയിലേക്ക് കൂടുമാറുന്നത്. മലബാറിലെ നാടകവേദിക്ക് ഏറെ സംഭാവനകൾ നൽകിയ ഇദ്ദേഹം മുൻ മന്ത്രി പി.പി. ഉമ്മർകോയയുടെ ക്ഷണം സ്വീകരിച്ച് യാദൃച്ഛികമായാണ് ആരാണ് അപരാധി? എന്ന നാടകത്തിൽ ജമീല എന്ന നായികാവേഷം ചെയ്തുകൊണ്ട് ആദ്യമായി സ്റ്റേജിലെത്തുന്നത്. പിന്നീടാണ് കെ.ടിയുടെ ഇത് ഭൂമിയാണ് എന്നതിലെ പ്രശസ്തനായ തൊണ്ണൂറുകാരൻ ഹാജിയാരായി വേഷമിട്ടത്. ഹാജിയാരുടെ വേഷം ചെയ്യുമ്പോൾ വെറും 17 വയസ്സായിരുന്നു കെ.പി. ഉമ്മറിന്റെ പ്രായം. പൗരോഹിത്യം മതത്തിന്റെ പേരിൽ ഉണ്ടാക്കിയ അന്ധവിശ്വാസങ്ങളെ നിശിതമായി വിമർശിക്കുന്ന ഈ ഹാജിയാരാണ് കെ.പി. ഉമ്മർ എന്ന നടനെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനാക്കിയതിൽ പ്രധാന പങ്കുവഹിച്ചത്. പിന്നീട് കെ.ടിയുടെ തന്നെ മനുഷ്യൻ കാരാഗ്രഹത്തിലാണ്, കറവറ്റ പശു എന്നിവയിലൂടെയും കെ.പി. എ സിയുടെ പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, ശരശയ്യ എന്നീ നാടകങ്ങളിലൂടെ സ്ഥാനമുറപ്പിക്കുകയായിരുന്നു.
പിന്നീട് പി. ഭാസ്‌ക്കരന്റെ രാരിച്ചൻ എന്ന പൗരനിലൂടെയും എം.ടിയുടെ മുറപ്പെണ്ണിലൂടെയും സിനിമയിൽ എത്തുകയായിരുന്നു. നഗരമേ നന്ദിയിലെ വില്ലൻ കഥാപാത്രമാണ് കെ.പി ഉമ്മറിനെ സിനിമാലോകത്ത് ശ്രദ്ധേയനാക്കിയത്.


നെല്ലിക്കോട് ഭാസ്‌ക്കരൻ, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു തുടങ്ങിയവരുണ്ടായിരുന്നെങ്കിലും ഇവരെക്കാളുമപ്പുറം സത്യന്റെയും പ്രേംനസീറിന്റെയും കാലഘട്ടത്തിൽ കോഴിക്കോടിന്റെയും മലബാറിന്റെയും വെള്ളിത്തിരയിലെ സാന്നിധ്യമായിരുന്നു ഉമ്മർ എങ്കിലും ഓരോ വർഷം കഴിയുമ്പോഴും ബ്രിട്ടീഷുകാരുടെ കാലത്തെ വാണിജ്യതെരുവായിരുന്ന ഹലുവബസാറിലെ കച്ചിനാംതൊടുകപുരയിൽ ജനിച്ച ആളാണ് ഉമ്മർ എന്നത് ഇവിടത്തുകാർക്കുപോലും ഓർമയിൽ നിന്നില്ലാതായി പോകുകയാണ്.
അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കുറ്റിച്ചറിയിൽ ഈയടുത്ത് കോർപ്പറേഷനും സർക്കാരും മുൻകൈയെടുത്ത് നവീകരിച്ച കുറ്റിച്ചിറ പൈതൃക പദ്ധതിക്ക് ഈ നാട്ടുകാരനാണെന്നതിനാൽകൂടി അദ്ദേഹത്തിന്റെ പേരു നൽകണമെന്ന ആവശ്യം തെക്കേപ്പുറം പ്രദേശത്തെ സാംസ്‌കാരിക സംഘടനകളായ യുവതരംഗ്, യുവസാഹിതി, കൈരളി, സ്‌ക്വാഷ്, വാർമുകിൽ കൂട്ടായ്മ എന്നിവരെല്ലാം അധികൃതരോട് ആവശ്യപ്പെട്ടു. ഈയൊരു കാര്യത്തിലെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നൊരനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരത്തിലെ സാംസ്‌കാരിക പ്രവർത്തകർ. 

 


 

Latest News