Sorry, you need to enable JavaScript to visit this website.

ഹരിത യുഗത്തിന് നാന്ദി കുറിച്ച് ഗൾഫ്

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 2060 ഓടെ പൂർണമായും നിയന്ത്രിച്ച്, കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനാണ് ഹരിത സൗദി പദ്ധതി ലക്ഷ്യമിടുന്നത്. 


ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ആഗോള താപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനമാണ്. നൂറ്റാണ്ടിനിടെ ഇന്നുവരെ കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്കങ്ങൾക്കും വരൾച്ചക്കും മറ്റും ലോക രാജ്യങ്ങൾ ഇരയായിക്കൊണ്ടിരിക്കുകയാണ്. ഇതേത്തുടർന്ന് ആയിരക്കണക്കിനു മനുഷ്യ ജീവനുകളും കോടികളുടെ വസ്തുവകകളുമാണ് നശിച്ചത്. ഇതിന്റെ പ്രതിഫലനം കൊച്ചു കേരളത്തിൽ വരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇതിനു പ്രതിവിധിയെന്തെന്ന് ആഴത്തിൽ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ ലോക വൻ ശക്തികളെന്നവകാശപ്പെടുന്ന രാഷ്ട്രങ്ങൾ മുഖംതിരിഞ്ഞു നിൽക്കുമ്പോൾ എന്നും എപ്പോഴും എല്ലാ കാര്യങ്ങളിലും ഒരുപടി മുന്നേ നടക്കുന്ന ഗൾഫ് രാഷ്ട്രങ്ങൾ ഇതിനു പരിഹാരം തേടിയുള്ള നടപടികളിലേക്കു കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടന്ന ഗ്രീൻ മിഡിൽ ഈസ്റ്റ് ഉച്ചകോടി ഇതിനു തെളിവാണ്.  


പാരീസ് ഉച്ചകോടിയും തുടർന്നുണ്ടായ കാർബൺ നിയന്ത്രണ നടപടികളുടെയും ഫലമായി 2016-17 വർഷങ്ങളിൽ കാർബൺ ബഹിർഗമനത്തിന് കുറവുണ്ടായിരുന്നു. എന്നാൽ അമേരിക്ക പാരീസ് ഉച്ചകോടിയിൽ നിന്നു പിന്മാറിയതിലൂടെ ലോകരാജ്യങ്ങൾ തന്നെ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ നിന്നു പിന്നോട്ടു പോയി.  ഇതോടെ 2018 മുതൽ കാർബൺ ബഹിർഗമനത്തിൽ വീണ്ടും വർധനയുണ്ടാവുകയും അതിന്റെ തിക്തഫലങ്ങൾ ലോകം അനുഭവിച്ചു വരികയുമാണ്. കഴിഞ്ഞ അറുപതു വർഷത്തിനിടെ അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ അളവിൽ 30 ശതമാനം വർധനയുണ്ടായെന്നാണ് കണക്കാക്കുന്നത്. ഇതേ വർധന അടുത്ത പത്തോ പതിനഞ്ചോ വർഷത്തിനുള്ളിൽ ഉണ്ടായേക്കാമെന്നാണ് ഗവഷകർ പ്രവചിക്കുന്നത്. ഇത് ആഗോള താപന വിപത്തുകളുടെ വേഗം വർധിപ്പിക്കുമെന്നതിൽ സംശയമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഗ്രീൻ മിഡിൽ ഈസ്റ്റ്  ഉച്ചകോടി ചേർന്നിട്ടുള്ളത്. അടുത്തു നടക്കാനിരിക്കുന്ന ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയും ഇക്കാര്യത്തിൽ കാര്യമായ ചർച്ചകൾ നടത്തുമെന്നു പ്രതീക്ഷിക്കാം. 
സസ്യങ്ങൾ ശ്വസനത്തിനായി എത്ര കാർബൺഡയോക്‌സൈഡ് ഉപയോഗിക്കുന്നു എന്നതാണ് കാർബണിന്റെ അന്തരീക്ഷത്തിലെ അളവിനെ നിർണയിക്കുന്നത്. ഇതാണ് വനനശീകരണവും മറ്റും വ്യാപകമാകുമ്പോൾ അന്തരീക്ഷത്തിലെ കാർബൺ ബഹിർഗമനം വർധിക്കാനുള്ള കാരണം. ഇതിനു പരിഹാരം അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന കാർബണിന്റെ തോത് കുറക്കുകയും ഹരിതവൽക്കരണവുമാണ്. ഗ്രീൻ മിഡിൽ ഈസ്റ്റ് ലക്ഷ്യമിടുന്നതും അതാണ്. മധ്യപൗരസ്ത്യ ദേശത്ത് ഹരിത യുഗത്തിന് നാന്ദി കുറിക്കുന്നുവെന്നാണ് ലോക രാഷ്ട്രത്തലവൻമാരും മന്ത്രിമാരും വിദഗ്ധരും പങ്കെടുത്ത ഗ്രീൻ മിഡിൽ ഈസ്റ്റ് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രീൻ സൗദി ഇനീഷ്യേറ്റീവ് സുപ്രീം കമ്മിറ്റി പ്രസിഡന്റ് കൂടിയായ സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞത്.

ഹരിത യുഗത്തിലേക്ക് മേഖലയെ ഒരുമിച്ച് നയിക്കുമെന്ന പ്രഖ്യാപനമാണ് അദ്ദേഹം ഉച്ചകോടിയിൽ നടത്തിയത്. ഇതു മേഖലക്കു മാത്രമല്ല, ലോകത്തിനു തന്നെ ആശ്വാസം പകരുന്നതും പ്രതീക്ഷ നൽകുന്നതുമാണ്. ഹരിത യുഗത്തിന് തുടക്കമിട്ടുകൊണ്ട് മധ്യപൗരസ്ത്യ ദേശത്ത് അയ്യായിരം കോടി മരങ്ങൾ നട്ടുപിടിപ്പിക്കാനും ഇതിനായി റോഡ് മാപ് ഉണ്ടാക്കാനും ഉച്ചകോടി തീരുമാനിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വൃക്ഷവൽക്കരണ പദ്ധതിയാണിത്. ഇതിലൂടെ ആഗോള തലത്തിൽ ലക്ഷ്യമിടുന്ന വനവൽക്കരണത്തിന്റെ അഞ്ചു ശതമാനം സാക്ഷാൽക്കരിക്കാനും കാർബൺ ബഹിർഗമനം പത്തു ശതമാനം കുറക്കാനുമാണ് ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതിയെ മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിരിക്കുകയാണെന്ന വിലയിരുത്തലും ഉച്ചകോടിയിലുണ്ടായി. ഇതിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനത്തെ നേരിടുകയെന്ന ലക്ഷ്യത്തോടെ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും സഹകരണം ശക്തമാക്കാനുമാണ് ഉച്ചകോടിയുടെ തീരുമാനം. കാർബൺ ഇക്കോണമി ആശയം നടപ്പാക്കുന്നതിന് ആഗോള തലത്തിൽ സഹകരണത്തിനുള്ള പ്ലാറ്റ്‌ഫോം സ്ഥാപിക്കൽ,  കാർബൺ പിടിച്ചെടുക്കൽ, ഉപയോഗിക്കൽ, സംഭരിക്കൽ എന്നീ ലക്ഷ്യങ്ങൾക്ക് റീജനൽ സമുച്ചയം സ്ഥാപിക്കൽ, കൊടുങ്കാറ്റുകളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള പ്രാദേശിക കേന്ദ്രം, സുസ്ഥിര മത്സ്യവിഭവ വികസനത്തിനുള്ള പ്രാദേശിക കേന്ദ്രം, കൃത്രിമമായി മഴ പെയ്യിക്കുന്നതിനുള്ള പ്രാദേശികതല പദ്ധതികൾ എന്നിവക്കു വേണ്ടി പ്രവർത്തിക്കാനുള്ള പ്രഖ്യാനവും ഉച്ചകോടിയിലുണ്ടായി.


കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാൻ ഹരിത സൗദി പദ്ധതി പ്രഖ്യാപനവുമായി സൗദി അറേബ്യ നേരത്തെ തന്നെ മുന്നിട്ടിറങ്ങിയിരുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 2060 ഓടെ പൂർണമായും നിയന്ത്രിച്ച്, കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനാണ് ഹരിത സൗദി പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന് ആരംഭം കുറിച്ചുകൊണ്ടുള്ള  ആദ്യ പാക്കേജിന്റെ പ്രഖ്യാപനം ഗ്രീൻ സൗദി ഇനീഷ്യേറ്റീവ് ഫോറത്തിൽ കിരീടാവകാശി നടത്തിയിരുന്നു. ഹരിത സൗദി പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 70,000 കോടിയിലേറെ റിയാൽ നിക്ഷേപങ്ങളോടെയുള്ള പദ്ധതികളാണ് കിരീടാവകാശി പ്രഖ്യാപിച്ചത്. 2030 ഓടെ രാജ്യത്ത് 450 ദശലക്ഷം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക, എട്ട് ദശലക്ഷം ഹെക്ടർ നശിച്ച ഭൂമിയുടെ പുനരധിവാസം, പുതിയ സംരക്ഷിത പ്രദേശങ്ങൾ ഒരുക്കൽ, 2030 ആകുമ്പോഴേക്കും പ്രതിവർഷം 270 ദശലക്ഷം ടണ്ണിലധികം കാർബൺ ബഹിർഗമനം കുറക്കൽ എന്നിവയെല്ലാമാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ലക്ഷ്യം കൈവരിക്കപ്പെടുന്നതോടെ സൗദി അറേബ്യക്കൊപ്പം മധ്യപൗരസ്ത്യ ദേശത്തിനും അതു മുതൽകൂട്ടായി മാറും. ഇതു ലോകത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുമെന്നതിൽ സംശയമില്ല. 

Latest News