അബഹ- നിയമലംഘനങ്ങളുടെ പേരില്‍ റിയാദിലെയും അബഹയിലെയും നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വിവിധ സംസ്ഥാനക്കാരായ 12 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. ഇതില്‍ കഴിഞ്ഞ 14 മാസമായി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നവരും ഉള്‍പ്പെടും.
യു.പി സ്വദേശി യോഗേന്ദര്‍ ഒരു വര്‍ഷത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്പോണ്സറുമായി ഉണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നാണ് നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിയത്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ എക്സിറ്റ് വിസ ശരിയാക്കി റിയാദ് എയര്‍പോര്‍ട്ടുവഴി നാട്ടിലേക്കു മടങ്ങാന്‍ ശ്രമിക്കുമ്പോള്‍ പിടക്കപ്പെടുകയായിരുന്നു. ഒരു വര്‍ഷത്തോളം റിയാദ് നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ് ശേഷമാണ് യോഗേന്ദറിനെ അബഹ നാടുകടത്തല്‍ കേന്ദ്രത്തിലേക്കു കൊണ്ടുവന്നത്.
മറ്റൊരു യു.പി സ്വദേശിയായ മുഹമ്മദ് ഷംസാദ് നാട്ടുകാരനായ സുഹൃത്ത് നല്കിയ സാമ്പത്തിക കുറ്റത്തിന്റെ പേരിലാണ് നാടുകടത്തല്‍ കേന്ദ്രത്തില്‍ അകപ്പെട്ടത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടതിയില്‍ അടക്കാനുണ്ടായിരുന്ന 12375 റിയാല്‍ ഷംസാദിന്റെ ദമ്മാമിലുള്ള സഹോദരന് കോടതിയില്‍ അടച്ചതിനു ശേഷമാണ് ആറ് മാസത്തെ ജയില്‍ വാസത്തിനൊടുവില്‍ യാത്രാവിലക്കു നീങ്ങി ഷംസാദിനും നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിച്ചത്.
ഒ.ഐ.സി.സി നേതാവ് അഷ്റഫ് കുറ്റിച്ചലിന്റെ ഇടപെടലുകളെ തുടര്‍ന്നാണ് ഏഴ് യു.പി സ്വദേശികളും അഞ്ച് പശ്ചിമ ബംഗാള്‍ സ്വദേശികളും അടങ്ങുന്ന 12 അംഗ സംഘത്തിന് ദുബായ് വഴി ദല്‍ഹിയിലേക്ക് മടങ്ങാന്‍ കഴിഞ്ഞത്.