മുംബൈ- ആഢംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടി റെയ്ഡിനിടെ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ബോംബെ ഹൈക്കോടതി നാളേക്കു മാറ്റി. ഇതോടെ ഇന്നും ആര്യന് ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായി. ഇന്നലെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ചന്റ്, മുന്‍മുന്‍ ധമേച എന്നീ പ്രതികളുടെ അഭിഭാഷകര്‍ വാദം പൂര്‍ത്തിയാക്കി. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു വേണ്ടി ഹാജരാകുന്ന അഡീഷനല്‍ സോൡസിറ്റര്‍ ജനറല്‍ അനില്‍ സിങിന്റെ മറുവാദം കോടതി നാളെ കേള്‍ക്കും. ഒരു മണിക്കൂറിനകം വാദം പൂര്‍ത്തിയാക്കുമെന്ന് അനില്‍ സിങ് പറഞ്ഞു. അഭിഭാഷകരായ അമിത് ദേശായി, മുകുള്‍ റോഹത്ഗി, അലി കാഷിഫ് ഖാന്‍ ദേശ്മുഖ് എന്നിവരാണ് പ്രതികള്‍ക്കു വേണ്ടി ഹാജരായത്.
കേസില്‍ ഒന്നാം പ്രതിയായ ആര്യന്‍ ഖാന്‍ ഒക്ടോബര്‍ എട്ടു മുതല്‍ ജയിലിലാണ്. ഒക്ടോബര്‍ രണ്ടിനാണ് ആര്യനെ എന്‍സിബി അറസ്റ്റ് ചെയ്തത്. നേരത്തെ പ്രത്യേക കോടതി രണ്ടു തവണ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ആര്യനും മറ്റു പ്രതികളും ഹൈക്കോടതിയെ സമീപിച്ചത്.