പട്ന- വ്യാജ രേഖകളുണ്ടാക്കി ഭൂമി വില്‍പന നടത്തിയ കേസില്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ് ഉള്‍പ്പെടെ 33 പേര്‍ക്കെതിരെ കേസ്. ബിഹാറിലെ ദനപൂര്‍ പോലീസ് സ്റ്റേഷനിലാണ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ രേഖകളുണ്ടാക്കി മന്ത്രിയുള്‍പ്പെടുന്ന സംഘം തന്റെ ഭൂമി മൂന്ന് തവണ വില്‍പന നടത്തിയെന്ന് ആസ്ദിഹ സ്വദേശിയായ രാം നാരായണ്‍ പ്രസാദ് നല്‍കിയ പരാതിയിലാണ് കേസ്.
തനിക്കും മൂന്ന് സഹോദരന്മാര്‍ക്കും അമ്മയില്‍നിന്ന് കുടുംബ സ്വത്തായി കൈമാറിക്കിട്ടിയ 2.56 എക്കര്‍ ഭൂമിയില്‍ തന്റെ ഓഹരിയായ 60 സെന്റ് ഭൂമിയാണ് വ്യാജ രേഖകളുപയോഗിച്ച് മന്ത്രിയുള്‍പ്പെടെ 33 പേര്‍ വില്‍പന നടത്തിയതെന്ന് പ്രസാദ് ആരോപിക്കുന്നു. പരാതിയുമായി വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതി നല്‍കിയെങ്കിലും ഫലമില്ലാതായതോടെയാണ് പോലീസിനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിലെ 33 പ്രതികള്‍ക്കെതിരേയും ഒരേ കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.