മുംബൈ- ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെട്ട ലഹരി പാര്‍ട്ടി കേസിനെ തുടര്‍ന്ന് വിവാദത്തിലായ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയരക്ടര്‍ സമീര്‍ വാങ്കഡെയുടെ ആദ്യഭാര്യയുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിനെതിരെ പുതിയ ഭാര്യ ക്രാന്തി.
ആദ്യഭാര്യ ഡോ. ശബാന ഖുറേഷിയോടൊപ്പമുള്ള സമീര്‍ വാങ്കഡെയുടെ ഫോട്ടോയാണ് വിവാദമായത്. എന്‍.സി.ബി അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതിഛായ തകര്‍ക്കാനാണ് ഇതെന്ന് ആരോപിക്കുന്ന ക്രാന്തി റെഡ്കര്‍ ഡോ. ശബാനക്കുമില്ലേ വ്യക്തിജീവിതമെന്ന് ചോദിക്കുന്നു. ഫോട്ടോ പ്രചരിപ്പിക്കുന്നത് അവരോട് ചെയ്യുന്ന നീതിയല്ലെന്നും മറാത്തി സിനിമാ, ടെലിവിഷന്‍ നടിയായ ക്രാന്തി പറഞ്ഞു.
താനും ഭര്‍ത്താവും സമീറും ഹിന്ദുക്കളായാണ് ജനിച്ചതെന്നും മറ്റൊരു മതത്തിലേക്കും മാറിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.എല്ലാ മതങ്ങളേയും ആദരിക്കുന്നു. സമീറിന്റെ പിതാവ് ഹിന്ദുവായിരുന്നു.
എന്നാല്‍ സമീറിന്റെ മാതാവ് മുസ്ലിമായിരുന്നു. 2016 ലാണ് സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സമീര്‍ ശബാനയെ വിവാഹം ചെയ്തതെന്നും വിവാഹ മോചനത്തിനുശേഷം 2017 ലാണ് ഹിന്ദുവിവാഹ നിയമപ്രകാരം തങ്ങള്‍ വിവാഹിതരായതെന്നും ക്രാന്തി വിശദീകരിച്ചു.