Sorry, you need to enable JavaScript to visit this website.

ഋഷിമാരുടെ ശാസ്ത്രസംഭാവനകള്‍ പഠിക്കാന്‍ ഐഐടിയില്‍ ചെയര്‍

ചെന്നൈ- മദ്രാസ് ഐഐടിയിലെ ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസ് വകുപ്പിനു കീഴില്‍ പുതിയ സംസ്‌കൃത ഭാഷാ ചെയര്‍ ആരംഭിക്കും. പൂര്‍വവിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ആരംഭിക്കുന്ന ഈ ചെയറില്‍ വേദങ്ങളിലെ ശാസ്ത്രവും സാങ്കേതികവിദ്യയുമാകും പ്രധാന പാഠ്യ, ഗവേഷണ വിഷയം.
 
സംസ്‌കൃത ഭാഷയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കും.  സയന്‍സ് ഓഫ് സ്പിരിച്വാലിറ്റി, സാവന്‍ കൃപാല്‍ റുഹാനി മിഷന്‍ എന്നീ സംഘടനകളുടെ ആത്മീയ നേതാവും മദ്രാസ് ഐഐടി പൂര്‍വവിദ്യാര്‍ത്ഥിയുമായ സന്ത് രജീന്ദര്‍ സിങ് ജി മഹാരാജ് ആണ് ചെയര്‍ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത്. ഇതിനായി ഇദ്ദേഹം 90 ലക്ഷം രൂപ നല്‍കി. ഇതുപയോഗിച്ച് ചെയര്‍ സ്ഥാപിക്കുമെന്നും വേദങ്ങളിലെ ശാസ്ത്രത്തേയും സാങ്കേതികവിദ്യകളേയും കുറിച്ചുള്ള ഗവേഷണങ്ങള്‍ ആരംഭിക്കുമെന്നും ഐഐടി വൃത്തങ്ങള്‍ അറിയിച്ചു.
 
75 ലക്ഷം രൂപയുടെ ഫണ്ടും നാലു വര്‍ഷത്തേക്ക് 15 ലക്ഷം രൂപയുടെ പ്രതിവര്‍ഷ എന്‍ഡോവ്മെന്റുമാണ് നല്‍കുക. ശ്രീ അരൊബിന്ദോ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കള്‍ചര്‍ ഡയറക്ടര്‍ സമ്പദാനന്ദ മിശ്രയായിരിക്കും ചെയര്‍ അധ്യക്ഷന്‍. 'ഈ മാസം തന്നെ ചുമതലയേല്‍ക്കാനാകുമെന്നാണ് പ്രതീക്ഷ. പുരാതന ഇന്ത്യയിലെ ഋഷിമാരുടേയും സന്യാസിമാരുടേയും മഹത്തായ ശാസ്ത്ര സംഭാവനകള്‍ പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരും. സംസ്‌കൃതത്തിലൂടെ പുരാതന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നേടിയെടുത്ത നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കോഴ്സിനു  രൂപം നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ക്രെഡിറ്റ് കോഴ്സുകള്‍ നല്‍കാന്‍ ചെയറിനു സ്വാതന്ത്യമുണ്ട്. ഈ വിഷയങ്ങളില്‍ പിഎച്ച്ഡിയും ഉണ്ടാകും- മിശ്ര പറഞ്ഞു.
 

Latest News