ബെംഗളുരു- ബെംഗളുരുവിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളെ മരത്തില്‍ കെട്ടിയിട്ട് നിര്‍ബന്ധിച്ച് ബീഡി വലിപ്പിച്ച് മര്‍ദിച്ച സംഭവത്തില്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ അഞ്ചു പേരും പ്രായപൂര്‍ത്തി ആകാത്തവരാണ്. ബൃഹത് ബെംഗളുരു മഹാനഗര പാലികെ നടത്തുന്ന സ്‌കൂളിലാണ് സംഭവം. 10നും 13നുമിടയില്‍ പ്രായമുള്ള കുട്ടികളാണ് മര്‍ദനത്തിന് ഇരയായത്. ഇവരെ ഒരു സംഘം നിരന്തരം ഭീഷണിപ്പെടുത്തി വന്നിരുന്നതായും ആരോപണമുണ്ട്.
കുട്ടികളെ പീഡിപ്പിക്കുന്ന സംഭവം നടന്നത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍ വിഡിയോകള്‍ ഇപ്പോഴാണ് വ്യാപകമായി പ്രചരിച്ചത്. തുടര്‍ന്നാണ് പോലീസ് നടപടി ഉണ്ടായത്. കുട്ടികളെ മരത്തില്‍ കെട്ടിയിട്ട് നിര്‍ബന്ധിച്ച് ബീഡി വലിപ്പിക്കുന്ന രംഗം ഒരു വിഡിയോ ക്ലിപ്പില്‍ വ്യക്തമാണ്. മറ്റൊരു വിഡിയോയില്‍ ഏഴോളം വിദ്യാര്‍ത്ഥികളെ പ്രതികളിലൊരാള്‍ വടി ഉപയോഗിച്ച് അടിക്കുന്നതും കാണാം. പ്രതികള്‍ പറയുന്നത് അനുസരിക്കാതിരിക്കുമ്പോഴും കുട്ടികളെ മര്‍ദിക്കുന്നുണ്ട്.
പിടിയിലായ പ്രതികളില്‍ ഏറെ പേരും സമീപ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവരാണ്. വിദ്യാര്‍ത്ഥികളും കുട്ടത്തിലുണ്ട്. ഒരു പ്രതിയെ ജുഡീഷ്യന്‍ കസ്റ്റഡിയില്‍ വിട്ടു. മറ്റു പ്രതികളെ പ്രായപൂര്‍ത്തി ആകാത്തതിന്റെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി. കുട്ടികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമീപവാസികളാണ് പകര്‍ത്തിയതെന്ന് കരുതപ്പെടുന്നു. മൊബൈല്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സഹിതം നാട്ടുകാര്‍ കോര്‍പറേഷന്‍ അഗം എസ് ശ്രീകാന്തിന് കൈമാറുകയായിരുന്നു. സ്‌കൂള്‍ പ്രവര്‍ത്തിക്കാതിരുന്ന ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് ബെംഗളുരു സൗത്ത് ബ്ലോക് എജുക്കേഷന്‍ ഓഫീസര്‍ ഡി ഹനുമന്‍ത്രയ പറഞ്ഞു.