'സമ്പത്ത് കാലത്തു തൈ പത്തു വെച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം' എന്ന പഴമൊഴി കോൺഗ്രസിനു മനസ്സിലാകാതെ പോയി. കെ.എസ്.യു, യൂത്ത് കോൺഗ്രസുകൾ വളവും പോഷണവും കിട്ടാതെ മെലിഞ്ഞുണങ്ങിയത് നമ്മുടെ നാട്ടിൽ നിത്യക്കാഴ്ചയാണല്ലോ. എ.ബി.വി.പി, എം.എസ്.എഫ്, എ.ഐ.എസ്.എഫ് തുടങ്ങിയ 'തൈ'കൾ പ്രാദേശിയ കാലാവസ്ഥയ്ക്കനുസരിച്ച് മാത്രം വളരുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ കൗമാര കാലത്തെ 'വാനരസേന'യെക്കുറിച്ചെങ്കിലും ഒന്നു പുസ്തകം മറിച്ചു നോക്കാമായിരുന്നു. ഇനി ഈ പൊല്ലാത്ത കാലത്തു കതിരിന്മേൽ വളംവെച്ചിട്ടു കാര്യമില്ല. മേൽപറഞ്ഞവരൊക്കെ, ദേ, അങ്ങോട്ടു നോക്കണേ പുനലൂരിലേക്ക്. ബാലസംഘം പ്രസിഡന്റ് ശുഭലക്ഷ്മിയാണ് സി.പി.എമ്മിന്റെ പുതിയ ബ്രാഞ്ച് സെക്രട്ടറി. വെറു പത്തൊമ്പതു വയസ്സു പ്രായം. വിവരമറിഞ്ഞ് നാട്ടിലെ ബാലികാബാലന്മാർ ബാലസംഘത്തിലേക്ക് തള്ളിക്കയറുമെന്ന് ഉറപ്പായി. ലോക റെക്കോർഡ് ബുക്കിന്റെ അച്ചടി മുതലാളിമാരും ഏജന്റുമാരുമെല്ലാം പുനലൂരിലേക്ക് വെച്ചു പിടിക്കുകയാണ്. സമപ്രായന്മാർക്ക് അസൂയയും ചില മുതിർന്ന നേതാക്കൾക്കു മനഃപ്രയാസവും ഒഴിഞ്ഞിട്ടു നേരമില്ല. ഇരുപതു കൊല്ലം മുമ്പ് പി.ബി മെമ്പർമാരുടെ ശരാശരി പ്രായം എഴുപത്തിമൂന്ന് എന്നു പരിഹസിക്കുകയായിരുന്നു മറ്റു കക്ഷികളുടെ വിനോദം. കാലം മാറുന്നത് ആരെയും മുൻകൂട്ടി അറിയിക്കാറില്ല.
തിരുവന്തോരത്ത് ഒരു ഇരുപത്തിയൊന്നുകാരി (അസ്സോ, അതും പെൺകുട്ടി) മേയറായപ്പോൾ തന്നെ അപകടം മണത്തറിയേണ്ടതായിരുന്നു. അന്നേരം നാസാരന്ത്രങ്ങൾ പ്രവർത്തിച്ചില്ലെന്നു തോന്നുന്നു. ഇനി സീനിയേഴ്‌സ് ഔട്ടാകുന്ന ദിവസങ്ങൾ എണ്ണാൻ പഠിച്ചാൽ മതി. പുനലൂരിലെ പത്തൊമ്പതുകാരി അടുത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാതെ തരമില്ല. അന്ന്, മറ്റു കോളേജ് കുമാരിമാർ ജയിച്ചിട്ടില്ലെങ്കിൽ, പുനലൂരിലെ മുനിസിപ്പൽ ചെയർപേഴ്‌സൺ സ്ഥാനവും കരതലാമലകം. രാഷ്ട്രീയ കണക്കിലെ സമവാക്യങ്ങൾ പെരുക്കിനോക്കിയാൽ നാൽപതു വയസ്സെത്തുമ്പോൾ കുമാരി ശുഭലക്ഷ്മി പി.ബി അംഗം. ഇന്ത്യയിൽ അന്നു പാർട്ടി ഉണ്ടായിരിക്കണമെന്നു മാത്രം. ഇതൊന്നും 'ജനസമുദ്ര'ത്തിൽ ആറാടിയും തുടർന്ന് കരയ്ക്കു കയറി മൂലയ്ക്കു പതുങ്ങിതക്കഴിയുകയും ചെയ്യുന്ന ഇതര അഖിലേന്ത്യന്മാർ അറിയുന്നില്ലേ? സി.പി.ഐ പാർട്ടിയെ കയറൂരി വിടില്ല; വല്യേട്ടനെ പേടിക്കണം. കോൺഗ്രസോ? വിദ്യാർഥി സംഘടനയുടെ നീലക്കൊടി ഉയർത്തിയാൽ അതിനെയും വലിച്ചുകീറി രണ്ടു ഗ്രൂപ്പാക്കി മാറ്റാതെ ഉറങ്ങുകയില്ല. തൽക്കാലം, തിരുവന്തോരം - പുലനൂർ റൂട്ടിലോടുന്ന പുരോഗമനത്തിന്റെ പിൻതലമുറയ്ക്കു സ്വാഗതം ആശംസിക്കുകയാണ് കരണീയം! ഒരു ചിന്ന സംശയം ബാക്കി:- പത്തൊമ്പതും ഇരുപത്തിയൊന്നും വയസ്സുകാർക്കെതിരെ ഏതെങ്കിലും അച്ചടക്ക നടപടി വേണ്ടിവന്നാൽ എവിടേക്കാകും തരംതാഴ്ത്തുക. പഴയ പാലസംഘത്തിലേക്കാവും അല്ലേ?.തൽക്കാലം എഴുതാപ്പുറം വായിക്കണ്ട.
**** **** ****
'ചാണ്ടി മുറുകുമ്പോൾ തൊമ്മൻ അയയും തൊമ്മൻ മുറുകുമ്പോൾ ചാണ്ടി അയയും' എന്നാണ് രാഹുൽജിയുടെ ലേറ്റസ്റ്റ് മനമാറ്റം കാണുന്നവർക്കു തോന്നുക.
'ദുഷ്ട ജനങ്ങളിൽ നിന്നും കാണാത്ത ദൂരം അകലെ' എന്ന ആപത് വാക്യം ആരോ അദ്ദേഹത്തെ മുമ്പ് ധരിപ്പിച്ചിരുന്നു. പാർട്ടിയിലല്ലാതെ മറ്റൊരിടത്തും അദ്ദേഹം ദുഷ്ട ജനങ്ങളെ കണ്ടതുമില്ല. ഇപ്പോൾ കളി മാറി. ഏതു നിമിഷവും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകാവുന്ന മൂന്നു സംസ്ഥാന മുഖ്യമന്ത്രിമാരുടെ രോദനം അസഹ്യമായി തോന്നി. അതിനു പക്കമേളമായി ആന്റണിജിയുടെ ഉപദേശവും. മുമ്പത്തെ ഉപദേശങ്ങൾ ക്ഷീരബലകഷായം പോലെ ആവർത്തിച്ചിട്ടും വിപരീത ഫലമാണുണ്ടായത്. ഒരു കൊല്ലം മുമ്പ്, 'ലാസ്റ്റ് ബസാണ്, ഇതിൽ പിടിവിട്ടുപോകരുത്' എന്നായിരുന്നു തങ്കച്ചൻ ഉപദേശിയുടെ വാക്കുകൾ. ഏതായാലും ലോകാരോഗ്യ സംഘടനയുടെ പുതിയ വിളംബരം അനുസരിച്ച് രാഹുലൻ ഇപ്പോഴും യുവാവാണ്. ഇത്തവണത്തെ സംഘടിത വിലാപങ്ങൾ 2018 ലെ പ്രളയക്കെടുതിയെ വെല്ലും എന്നാണ് ദൃക്‌സാക്ഷികൾ. ഫലം കണ്ടു. 'നിർബന്ധമാണേൽ പരിഗണിക്കാം' എന്നൊരു മറുപടി അങ്ങോർ നൽകിയത്രേ! ഉറക്കപ്പിച്ചാണോ എന്നും ഉറപ്പിക്കേണ്ടതാണ്. ഇത്രയും കാലം രാഹുലന്റെ ചിമ്മിനിയിൽനിന്നും വെളുത്ത പുകയാണോ കറുത്ത പുകയാണോ എന്നു സന്ദേശിച്ച് അടുക്കള പരിസരം വിടാതെ കറങ്ങി നടക്കുന്നവർക്കു സമാധാനമായി. പക്ഷേ, ആരംഭത്തിൽ സൂചിപ്പിച്ചതു പോലെ ഒരു വശപ്പിശക് കാണുന്നു. ഒരു 'മുറുക്കം' താൻ പ്രവർത്തിക്കുന്ന മുഴുവൻ സമയ പ്രസിഡന്റ് തന്നെയാണെന്നു മമ്മി പ്രഖ്യാപിച്ചത് എന്തിനാവോ? ജി 23 എന്ന റിബലുകളുടെ ഉച്ചകോടിയെ തകർക്കാനാണോ? രാഹുലന്റെ വരവിനു തടയിടാനാണോ? ഒന്നുമല്ല, ഒന്നുമല്ല, ദുരന്തം പലതും കണ്ട ആ അമ്മ മനസ്സിന്റെ സന്താനങ്ങൾക്കായുള്ള കരുതലണോ?
എന്തായാലും ഇനി മമ്മിക്കും മോനും നിദ്ര കിട്ടണമെങ്കിൽ നേരം പുലരണമെന്ന നിലയാണ്. ഏതു അർധരാത്രിയിലും ഏതു സംസ്ഥാനത്തെയും ഗ്രൂപ്പു നേതാക്കൾ വന്നെത്തി വാതിലിൽ മുട്ടുമെന്നുറപ്പായി. രാഷ്ട്രീയത്തിൽ മറ്റു ശത്രുക്കൾ വേണ്ടല്ലോ!
**** **** ****
ഡ്രോൺ ക്യാമറ നിരീക്ഷണം അങ്ങ് അതിർത്തി മുതൽ ഇങ്ങു കല്യാണമണ്ഡപങ്ങൾ വരെ നീളുന്നു. അവൻ മുകളിലൂടെ വലിയൊരു വണ്ടിനെപ്പോലെ മൂളിപ്പറന്നു നടക്കും. കീഴിൽ കാണുന്നതൊക്കെ ഒപ്പിയെടുക്കും. 'അരമന രഹസ്യം അങ്ങാടിപ്പരസ്യം' എന്നു പറഞ്ഞ മാതിരി നമ്മുടെ ദേശീയ കക്ഷിയും മുൻ ദേശീയ കക്ഷിയും അതു പരീക്ഷിക്കാൻ ഒരുങ്ങുന്നുവെന്നാണ് കിംവദന്തി. എം.ജി.ആർ സിനിമകളുടെ പരസ്യം പോലെ 'മഹത്തായ ഇരുനൂറ്റി അമ്പതാം' തവണയാണ് കെ.പി.സി.സി ഭാരവാഹി പട്ടിക ദില്ലിക്കു പോകുന്നതും അതിനേക്കാൾ വേഗത്തിൽ മടങ്ങിയെത്തുന്നതും. പട്ടിക സന്നിധാനമെത്തും മുമ്പ് അവിടെ ചാരപ്രവർത്തനവും 'പാര' പ്രവർത്തനവും നടക്കണമെങ്കിൽ എതിരാളികൾ നിസ്സാരന്മാരല്ല, മറ്റു പാർട്ടിക്കാരുമല്ല. ഇനി, താരിഖ് അൻവർ എന്ന സ്ഥിരം നിരീക്ഷകന്റെ കൈവശം അവശേഷിക്കുന്ന 18 ാമത്തെ അടവ് 'ഡ്രോൺ ക്യാമറ'യാണ്.
സംസ്ഥാനത്ത് എവിടെ നിന്നും ഒരു ഖദർവാല ദില്ലിക്കു വിളിക്കാൻ ഫോൺ കൈയിലെടുക്കും മുമ്പേ തന്നെ, ആകാശ ക്യാമറ ആ ദൃശ്യം പകർത്തി സുധാകര - സതീശ സന്നിധിയിലെത്തിക്കും. ഇക്കാര്യം പരസ്യമായ നിലയ്ക്ക്, പുതിയൊരു ഡ്രോൺ തരപ്പെടുത്തുവാനുള്ള നീക്കം ബി.ജെ.പിയും തുടങ്ങിയെന്നറിയുന്നു. കേരള പോലീസിന്റെയോ വനംവകുപ്പിന്റെയോ വക ആകാശ ക്യാമറ വാടകയ്ക്ക് കിട്ടുമെങ്കിൽ അതിനും തയാർ. പണമിടപാട് ഉള്ളി സുരേന്ദ്രനെ ഒഴിവാക്കിയാകും നടത്തുക. അടുത്ത പുലിവാല് വെറുതെ എന്തിനാ പിടിക്കുന്നത് എന്നത്രേ സംസ്ഥാനത്തെ മറ്റു നേതാക്കളുടെ നിലപാട്. ഇന്നത്തെ കേന്ദ്ര- സംസ്ഥാന കാലാവസ്ഥ ബന്ധമനുസരിച്ച്, മുഖ്യമന്ത്രിക്ക് അതിൽ ഒട്ടും മുഷിച്ചിൽ തോന്നാനിടയില്ല. വാടക നിരക്കു കുറച്ചാൽ കോൺഗ്രസും സഹകരിച്ചേക്കും. സംസ്ഥാന ഖജനാവിനെ ബലപ്പെടുത്താൻ ഇത്തരം പരിപാടികൾ പരീക്ഷിക്കാൻ ഇനി വൈകരുത്. ധന കമ്മിയെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുനടക്കുന്നത് മന്ത്രി പുതുമുഖമായിനാലാണെന്ന് മുൻ മന്ത്രിയും സാമ്പത്തിക ഡോക്ടറുമായ തോമസ് ഐസക് സഖാവ് ധ്വനിപ്പിച്ചിട്ടുണ്ട്.