ന്യൂദൽഹി- റഫാൽ ഇടപാടിനെച്ചൊല്ലി ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം ഉന്നയിക്കുന്നത് വ്യാജ അഴിമതി ആരോപണങ്ങളാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും പറഞ്ഞതോടെയാണ് ലോക്‌സഭയിൽ വാക്കേറ്റവും ബഹളവും ഉണ്ടായത്.
റഫാൽ ഇടപാട് സംബന്ധിച്ച് കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഉയരുന്നതെന്നും ഇടപാടിൽ ഒരഴിമതിയും നടന്നിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ആയുധ ഇടപാടിന്റെ വിശദ വിവരങ്ങൾ പുറത്തു വരുന്നത് രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കും. യു.പി.എ ഭരണ കാലത്തും സമാന ചോദ്യങ്ങൾക്ക് രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി ഉത്തരങ്ങൾ നൽകിയിരുന്നില്ല. ഓരോ വിമാനത്തിനും എത്ര രൂപ ചെലവായി എന്നു വ്യക്തമാക്കിയാൽ അതിൽ ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും വിവരങ്ങൾ പുറത്തറിയുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ഫ്രാൻസിൽനിന്ന് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പ്രതിരോധ മന്ത്രി നിർമലാ സീതാരാമനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യസുരക്ഷയായിരുന്നു കാരണം പറഞ്ഞത്.
ലോക്‌സഭയിൽ ഇന്നലെ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിനിടെയാണ് റഫാൽ ഇടപാടിനെച്ചൊല്ലി ജെയ്റ്റ്‌ലിയും കോൺഗ്രസും ഇടഞ്ഞത്. ധനമന്ത്രിയുടെ മറുപടിക്ക് പിന്നാലെ റഫാൽ ഇടപാട് സംബന്ധിച്ച് സർക്കാർ വിവരങ്ങൾ വെളിപ്പെടുത്താത്തതിനെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിലെത്തി. റഫാൽ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുന്നത് അഴിമതി, മോഡിയുടെ സംരക്ഷണം, മോഡിയുടെ സുഹൃത്തിന്റെ സംരക്ഷണം, മറ്റൊരു വലിയ കാരണം എന്നിങ്ങനെയുള്ള കാരണങ്ങളിൽ ഏതു കൊണ്ടാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
രാഹുലിന്റെ ആരോപണങ്ങളെ പരാമർശിച്ച്, എൻ.ഡി.എ സർക്കാരിനെതിരേ അഴിമതി ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുന്നത് പുതിയ ഫാഷനാണെന്ന് ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. പ്രതിരോധ ഇടപാടുകളുടെ വിലവിവരങ്ങൾ വെളിപ്പെടുത്താതിരിക്കുക എന്നത് രാജ്യത്തിന്റെ സുരക്ഷയെ മുൻനിർത്തിയാണ്. ഏകദേശ വില വെളിപ്പെടുത്താം. എന്നാൽ കൃത്യമായ വില വിവരങ്ങൾ വെളിപ്പെടുത്താൻ പറ്റില്ല. അതുകൊണ്ട് നിങ്ങളുടെ പാർട്ടി പ്രസിഡന്റിനോട് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുമോ എന്ന് മുൻ പ്രതിരോധ മന്ത്രിമാരായിരുന്ന പ്രണബ് മുഖർജിയോടോ എ.കെ. ആന്റണിയോടോ ചോദിക്കാനും ജെയ്റ്റ്‌ലി കോൺഗ്രസ് എം.പിമാരോട് പറഞ്ഞു.
ഇതോടെ റഫാൽ ഇടപാടിലെ വിവരങ്ങൾ വിശദമായി തന്നെ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി ശശി തരൂർ രംഗത്തെത്തി. രാജ്യത്തിന്റെ പൊതു പണം ചെലവഴിച്ചതിനെ കുറിച്ച് സർക്കാർ പാർലമെന്റിനെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പാർലമെന്റ് അംഗവും രാജ്യസുരക്ഷ അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ സർക്കാർ പൊതു പണം ചെലവഴിച്ചതെങ്ങനെയെന്ന് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. ഇതു മാത്രമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് തരൂർ പറഞ്ഞു.
പ്രതിപക്ഷം രാജ്യസുരക്ഷ അപകടത്തിലാക്കുനുള്ള ശ്രമത്തിലാണെന്ന നിലപാട് ആവർത്തിച്ചുകൊണ്ട് ജെയ്റ്റ്‌ലി പ്രസംഗം തുടർന്നപ്പോൾ നീതി വേണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ബഹളത്തിനിടെ ജെയ്റ്റ്‌ലിയുടെ മറുപടി പ്രസംഗത്തിനുള്ള സമയം സ്പീക്കർ സുമിത്ര മഹാജൻ നീട്ടി.
ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി വേണമെന്നും സംസ്ഥാനത്തിന്റെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് തെലുങ്ക്‌ദേശം അംഗങ്ങളും ലോക്‌സഭയിൽ പ്രതിഷേധം ഉയർത്തി.