Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുഞ്ഞിനെ ദത്ത് നല്‍കിയത് ദുരഭിമാന കുറ്റകൃത്യം; നിയമസഭയില്‍ പ്രതിഷേധം

തിരുവനന്തപുരം-അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ സി.പി.എം നേതാവായ പിതാവും മാതാവും ദത്ത് നല്‍കിയ സംഭവം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. നിയമവിരുദ്ധമായാണ് അനുപമയുടെ കുഞ്ഞിനെ  മാറ്റിയതെന്നും സംസ്ഥാന ശിശുക്ഷേമ സമിതി കാണിച്ചത് ഗുരുതര വീഴ്ചയാണെന്നും  പ്രതിപക്ഷം ആരോപിച്ചു. സ്വതന്ത്ര അംഗം കെ.കെ രമയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ മുഖ്യന്ത്രിയുടെ ഓഫിസ് അടക്കം ഭരണകൂട, രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് കെ.കെ. രമ ആരോപിച്ചു. ദുരഭിമാന കുറ്റകൃത്യമാണ് നടന്നത്. ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. കഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ പരാതി ലഭിച്ച് ആറു മാസത്തിന് ശേഷവും കേസെടുക്കാത്ത സ്ഥിതിയുണ്ടായി.
ഉന്നത രാഷ്ട്രീയ നേതൃത്വം ഇടപെട്ട ദുരഭിമാന കുറ്റകൃത്യത്തില്‍ വിശദമായ അന്വേഷണം വേണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. സംസ്ഥാന ശിശുക്ഷേമ സമിതിയെ പിരിച്ചു വിടണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള കെ.കെ. രമയുടെ പ്രസംഗം 10 മിനിട്ട് കഴിഞ്ഞതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. വിഷയം അവതരിപ്പിക്കാന്‍ കെ.കെ. രമക്ക് കൂടുതല്‍ സമയം നല്‍കണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി. സ്പീക്കറുടെ ഡയസിന് മുമ്പിലെത്തിയ അംഗങ്ങള്‍ പ്രതിഷേധിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കി.

നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന് ആരോഗ്യ, വനിതാ ശിശുക്ഷേമ മന്ത്രി വീണ ജോര്‍ജ് സഭയെ അറിയിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും വീഴ്ച സംഭവിച്ചിട്ടില്ല.  അനുപമയുടെ പരാതിയും അവഗണിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശിശുക്ഷേമ സമിതിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും മന്ത്രി വീണ ജോര്‍ജ് വെള്ളപൂശുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. കുഞ്ഞിനെ കിട്ടിയ ദിവസം അമ്മത്തൊട്ടില്‍ ഇല്ലായിരുന്നു. ശിശുക്ഷേമ സമിതിയില്‍ ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാജിക് നടന്നു. സി.പി.എം തന്നെ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പോലീസും ആയി മാറി. ഇടതുപക്ഷത്തിന്റേത് പിന്തിരിപ്പന്‍ നയമാണെന്നും അദ്ദേഹം പറഞ്ഞു.  

മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്  പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

 

 

Latest News