മോസ്‌കോ- താലിബാനെ തീവ്രവാദ സംഘങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് സാധ്യതകളുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. രാജ്യത്തിന്റെ താൽപര്യം അതാണ്. ഐക്യരാഷ്ട്രസഭാ തലത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകേണ്ടത്. അഫ്ഗാനിലെ സ്ഥിതിഗതികൾ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന താലിബാൻ, സാഹചര്യം നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നത് ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുട്ടിൻ പറഞ്ഞു.
പുട്ടിന്റെ പരാമർശത്തെ, അഫ്ഗാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുൽ ഖഹർ ബൽഖി സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സമൂഹവുമായി താലിബാൻ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ബൽഖി പറഞ്ഞു. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ നേതാക്കളെ കരിമ്പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പരാമർശത്തെ രാജ്യത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്യുന്നു.
യുദ്ധത്തിന്റെ അധ്യായം അവസാനിച്ചതിനാൽ, അഫ്ഗാനുമായുള്ള ബന്ധത്തിലും സമീപനത്തിലും രാജ്യങ്ങൾ അനുകൂലമായ മാറ്റം കൊണ്ടുവരണം. പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ, അന്താരാഷ്ട്ര സമൂഹവുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ബൽഖി ട്വീറ്റ് ചെയ്തു. ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തത്. സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാൻ ഇസ്‌ലാമിക് എമിറേറ്റിന്റെ ഇടക്കാല സർക്കാരിനെ പ്രഖ്യാപിക്കുകയും ചെയ്തു.
താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ ലോകരാജ്യങ്ങൾ മടിച്ചുനിന്നപ്പോൾ, ചൈനയ്ക്കു പിന്നാലെ റഷ്യ അനുകൂല തീരുമാനവുമായി മുന്നോട്ടുവന്നിരുന്നു. അഷ്‌റഫ് ഗനിയുടെ സർക്കാരിനേക്കാൾ കാബൂൾ സുരക്ഷിതമായിരിക്കുമെന്നായിരുന്നു റഷ്യൻ അംബാസഡർ ദിമിത്രി ഷിർനവിന്റെ പ്രതികരണം. റഷ്യയുടെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ താലിബാൻ ഉൾപ്പെട്ടിരിക്കെയായിരുന്നു അത്തരമൊരു നിലപാട്.
ഈയിടെ നടന്ന മോസ്‌കോ കോൺഫറൻസിലും റഷ്യ താലിബാൻ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. അഫ്ഗാനിലെ പുതിയ സർക്കാരിന്റെ ഭരണം എല്ലാവർക്കും ഇഷ്ടപ്പെടുന്നില്ലായിരിക്കാം, പക്ഷേ സർക്കാരിനെ ശിക്ഷിക്കുന്നതിലൂടെ നമ്മൾ ജനതയെ മുഴുവൻ ശിക്ഷിക്കുകയാണെന്നായിരുന്നു റഷ്യയുടെ പ്രത്യേക പ്രതിനിധി സമീർ കാബുലോവ് അഭിപ്രായപ്പെട്ടത്. അന്താരാഷ്ട്ര സമൂഹം പക്ഷപാതപരമായ സമീപനം ഉപേക്ഷിക്കണം. അഫ്ഗാന് അടിയന്തര ഭക്ഷണ സഹായവും മറ്റു പിന്തുണയും നൽകുന്നതിലുണ്ടാകുന്ന പരാജയം, അഭയാർഥി പ്രതിസന്ധിക്ക് കാരണമായേക്കാമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ, പടിഞ്ഞാറൻ കാബൂളിൽ എട്ട് അനാഥ കുഞ്ഞുങ്ങൾ പട്ടിണി മൂലം മരിച്ചു. 18 മാസം പ്രായമുള്ള കുഞ്ഞ് മുതൽ എട്ടുവയസുള്ള കുട്ടിവരെ മരിച്ചവരിൽ ഉൾപ്പെടുന്നു. മരണപ്പെട്ട കുഞ്ഞുങ്ങൾ ഹസാര വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന് പ്രമുഖ ഹസാര രാഷ്ട്രീയ നേതാവും മുൻ അഫ്ഗാൻ പാർലമെന്റ് അംഗവുമായ ഹാജി മുഹമ്മദ് മുഹഖഖിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്‌നിക് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 24 ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുൻ എം.പി ഇക്കാര്യം ഉന്നയിച്ചത്. കുട്ടികളുടെ വീട് സന്ദർശിച്ച താൻ മൃതദേഹങ്ങൾ നേരിട്ട് കണ്ടു എന്നും മാതാപിതാക്കളില്ലാത്ത കുട്ടിയെ അയൽക്കാരാണ് അടക്കം ചെയ്തതെന്നും എം.പി കുറിപ്പിൽ പറയുന്നു. താലിബാൻ സർക്കാർ അധികാരമേറ്റതിന് ശേഷം ഐക്യരാഷ്ട്ര സഭ നടത്തിയ പഠനത്തിൽ കാബൂളിലെ പത്ത് ലക്ഷത്തോളം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നതായി കണ്ടെത്തിയിരുന്നു. ശീതകാലം എത്തുന്നതിന് മുൻപ് രാജ്യത്തെ 18 ദശലക്ഷം ജനങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും ഒരുക്കേണ്ടതുണ്ടെന്നും ഐക്യരാഷ്ട്ര സഭ നിർദേശിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അഫ്ഗാനിന് ലഭിച്ചിരുന്ന നിരവധി വിദേശ സഹായം താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഓഗസ്റ്റ് മുതൽ പാശ്ചാത്യ രാജ്യങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഇതിനിടെ തൊഴിലാളികൾക്ക് കൂലിക്ക് പകരം ഗോതമ്പ് നൽകി പട്ടിണി മറികടക്കാനുള്ള സർക്കാർ പദ്ധതിക്ക് രൂപം കൊടുത്തതായി താലിബാൻ പ്രഖ്യാപിച്ചു. പദ്ധതിയിലൂടെ 40,000 പേർക്ക് തൊഴിൽ നൽകാനാകുമെന്ന് താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് അറിയിച്ചു.