പട്‌ന- കാലിത്തീറ്റ കുംഭകോണ കേസിലെ ജയില്‍ ശിക്ഷയും ദല്‍ഹിയിലെ ചികിത്സയും കഴിഞ്ഞ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് സ്വന്തം തട്ടകമായ പട്‌നയില്‍ തിരിച്ചെത്തി. മാസങ്ങള്‍ക്ക് മുമ്പ് ജയില്‍ മോചിതനായിരുന്നെങ്കിലും അനാരോഗ്യവും ചികിത്സാ സൗകര്യവും കണക്കിലെടുത്ത് ദല്‍ഹിയിലെ മകള്‍ മിസ ഭാര്‍തിയുടെ വീട്ടിലായിരുന്നു ഇതുവരെ ലാലു കഴിഞ്ഞിരുന്നത്. ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിക്കും മിസയ്ക്കുമൊപ്പമാണ് ഞായറാഴ്ച ലാലു പട്‌നയിലെത്തിയത്. വിമാനത്താവളത്തിനു പുറത്ത് ലാലുവിനെ വരവേല്‍ക്കാന്‍ വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നു. പാവങ്ങളുടെ മിശിഹയെ പുകഴ്ത്തി മുദ്രാവാക്യങ്ങളും ഉയര്‍ന്നു. 2018 സെപ്തംബറിലാണ് ലാലു പട്‌ന വിട്ടത്. തേജ് പ്രതാപിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലഭിച്ച ജാമ്യം കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പിന്നീട് റാഞ്ചിയിലെ ജയിലിലേക്കു തന്നെ മടങ്ങുകയായിരുന്നു.
വിമാനത്താവളത്തിന് പുറത്ത് മകനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും മൂത്ത സഹോദരന്‍ തേജ് പ്രതാപും സ്വീകരിക്കാനെത്തിയിരുന്നു. പച്ച തൊപ്പിയും പച്ച ഷാള്‍ കഴുത്തില്‍ ചുറ്റിയുമാണ് ലാലു എത്തിയത്. മാധ്യമങ്ങളോട് ഒന്നും സംസാരിക്കാതെ ലാലു നേരെ ഭാര്യയുടെ വീട്ടിലേക്കാണ് പോയത്. റാബ്‌റി ദേവിയുടെ വീടിനു പരിസരത്തും നിരവധി പേര്‍ ഒത്തുകൂടിയിരുന്നു. ഇതിനിടെ മകന്‍ തേജ് പ്രതാപ് കോപത്തോടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായും റിപോര്‍ട്ടുണ്ട്. ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ ജഗദാനന്ദ് സിങും എംഎല്‍സി സുനില്‍ സിങും തന്നെ അപമാനിച്ചെന്ന് പരാതിപ്പെട്ടാണ് തേജ് പ്രതാപ് വീടുവിട്ടിറങ്ങിയതെന്നും റിപോര്‍ട്ടുണ്ട്.