ന്യൂദല്‍ഹി- അഞ്ചു വയസ്സുകാരിയായ മകളെ അയല്‍പക്കത്ത് ഏല്‍പിച്ച് വളകള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍പോയ അമ്മ തിരിച്ചെത്തിയത് ദാരുണമായ വാര്‍ത്തയറിയാനായിരുന്നു. മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാര്‍ത്തി. അപ്പുറത്ത് താമസിക്കുന്നയാള്‍ ഈ പാതകം ചെയ്യുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്ന് അമ്മ കണ്ണീരോടെ പറഞ്ഞു.
ഞായറാഴ്ച ഗുര്‍ഗാവിലാണ് സംഭവം. താന്‍ മാര്‍ക്കറ്റില്‍പോയി മടങ്ങിയെത്തിയ 20 മിനിറ്റിനകമാണ് സംഭവം നടന്നതെന്ന് അവര്‍ പറഞ്ഞു. മകളെ അയല്‍പക്കത്ത് ഏല്‍പിക്കാന്‍ തോന്നിയ നിമിഷത്തെ ശപിച്ച് നിസ്സഹായയായി നിലവിളിക്കുകയാണ് അവര്‍.
പ്രതി മുഴുക്കുടിയനാണെന്ന് അവര്‍ പറഞ്ഞു. രാവിലെ മുതല്‍ കുടി തുടങ്ങും. അയാളുടെ അമ്മയെ ഏല്‍പിച്ചാണ് പോയത്. ഉടന്‍ വരുമെന്നും പറഞ്ഞിരുന്നു. അവര്‍ കുറച്ചുനാളായി ഇവിടെ താമസിക്കുന്നു. നേരത്തെയും താന്‍ ഇത്തരം സഹായം തേടിയിട്ടുണ്ട്. അതിനാലാണ് മകള്‍ സുരക്ഷിതയായിരിക്കുമെന്ന് കരുതിയതെന്ന് അമ്മ പറഞ്ഞു. മകളുടെ ജന്മദിനം ആഘോഷിച്ചപ്പോള്‍ പ്രതി അടക്കം എല്ലാവരേയും പങ്കെടുപ്പിച്ചിരുന്നു. ആരേയും വിശ്വസിക്കാന്‍ പാടില്ലെന്നതാണ് പാഠം- വിങ്ങിപ്പൊട്ടി അവര്‍ പറഞ്ഞു.