റാഞ്ചി- ഝാര്‍ഖണ്ഡില്‍ ഏഴുമാസം മുമ്പ് കാണാതായ 17കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സഹോദരിമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ സോനാര്‍ അണക്കെട്ടിന് സമീപത്താണ് 17 കാരിയുടെ മൃതദേഹം പുറത്തെടുത്തത്. സഹോദരിമാരായ രാഖി ദേവി (30), രൂപ ദേവി (25), സഹോദരിയുടെ ഭര്‍ത്താവ് ധനഞ്ജയ് അഗര്‍വാള്‍(30), സഹോദരിയുടെ കാമുകന്‍മാരായ പ്രതാപ് കുമാര്‍ സിങ്, നിതീഷ് എന്നിവരാണ് പ്രതികള്‍. നിതീഷിനെ ഒഴികെ കേസിലെ മറ്റെല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 17കാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സഹോദരിമാരുടെ വാദം.
അഞ്ചുസഹോദരിമാരില്‍ നാലാമത്തെയാളാണ് മരിച്ച പെണ്‍കുട്ടി. ഇവരുടെ മാതാപിതാക്കള്‍ നേരത്തേ മരിച്ചിരുന്നു. മൂത്ത സഹോദരി രാഖിക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ലൈംഗിക തൊഴിലാളിയാണ് രാഖി. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ലൈംഗിക തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചെങ്കിലും അതിന് വിസമ്മതിച്ചതാണ് കൊലക്ക് കാരണമെന്ന് പോലീസ് പറയുന്നു.