ന്യൂദല്‍ഹി- സി.പി.എമ്മിന്റെ രാഷ്ട്രീയ നയം തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വെച്ചു മാത്രമുള്ളതല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് തന്നെയാണ് രാഷ്ട്രീയ അടവ് നയം. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ രാഷ്ട്രീയ നയത്തിന്റെ ഭാഗമായ തീരുമാനങ്ങള്‍ ബാധകമാക്കുകയാണ് ചെയ്യുന്നത്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ അടവ് നയത്തിന്റെ കരടിന് പോളിറ്റ്ബ്യൂറോ അന്തിമ രൂപം നല്‍കുമെന്നും ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിക്ക് ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ യെച്ചൂരി വിശദീകരിച്ചു.
നിലവില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് പ്രാപ്തമല്ലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായോ എന്ന ചോദ്യത്തിന് അത്തരം ചര്‍ച്ചകളൊന്നും നടന്നില്ലെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. സി.പി.എം രാജ്യത്തെ ജനങ്ങളെ പൂര്‍ണമായി വിശ്വാസത്തിലെടുത്താണ് മുന്നോട്ടു നീങ്ങുന്നത്. ബി.ജെ.പിയെ എതിര്‍ക്കുകയും തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് എതിരായ വോട്ടുകള്‍ പരമാവധി സമാഹരിക്കുക എന്നതുമാണ് പ്രഥമ ലക്ഷ്യം.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം ഒരു വര്‍ഷം പൂര്‍ത്തിയാകാറായി. ഈ സാഹചര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് മറികടന്ന് കര്‍ഷകര്‍ക്കു മുന്നോട്ടു നീങ്ങാന്‍ കഴിയുമോ എന്ന ചോദ്യത്തിന് കര്‍ഷക സമരത്തിന്റെ ഭാവി രൂപരേഖ തീരുമാനിക്കേണ്ടത് കര്‍ഷക സംഘടനകള്‍ തന്നെയാണെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. കര്‍ഷക സമരത്തെക്കുറിച്ചും കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ചും പാര്‍ട്ടി എല്ലായ്‌പ്പോഴും ചര്‍ച്ച ചെയ്യുന്നുണ്ട്. ചൂഷണ ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള സമരപരിപാടികളില്‍ എന്നും സി.പി.എം ഒപ്പമുണ്ടാകും എന്നും യെച്ചൂരി വ്യക്തമാക്കി.
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിഷേധമായി കര്‍ഷക സമരം മാറി. ലഖിംപൂര്‍ ഖേരിയില്‍ ഉള്‍പ്പടെ അക്രമം നടത്തി അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക സമരപരിപാടികള്‍ക്ക് സി.പി.എം കേന്ദ്ര കമ്മിറ്റി പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. കര്‍ഷക സമരത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന നവംബര്‍ 26ന് സി.പി.എമ്മിന്റെ എല്ലാ പാര്‍ട്ടി ഘടകങ്ങളും പൂര്‍ണ പിന്തുണ നല്‍കണമെന്നും കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു.
വിലക്കയറ്റത്തിനെതിരെ സി.പി.എം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. ഇന്ധന വില വര്‍ധന, പാചക വാതക വില അനിയന്ത്രിതമായി വര്‍ധിച്ചു. യാത്രാക്കൂലി വര്‍ധനവ് അവശ്യ സാധനങ്ങളുടെ വിലവര്‍ധനവിലേക്കും വഴിവെച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിദിന ദുര്‍വ്യയത്തിന് പണം കണ്ടെത്താന്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സി.പി.എം കുറ്റപ്പെടുത്തി.
കോവിഡ് വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കണം. ജമ്മു കശ്മീരില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണം. പ്രത്യേക സംസ്ഥാന പദവി നല്‍കിയരുന്ന 370 ാം വകുപ്പ് റദ്ദാക്കിയതിനെതിരേ സി.പി.എം അടക്കം നല്‍കിയ ഹരജികളില്‍ സുപ്രീംകോടതി അടിയന്തര വാദം കേള്‍ക്കണമെന്നും സി.പി.എം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.