ന്യൂദല്‍ഹി- കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരത്തിന്റെ വിദേശ യാത്രക്ക് സുപ്രീംകോടതി അനുമതി നല്‍കി. ഒരു കോടി രൂപ കോടതിയില്‍ കെട്ടിവെച്ചാല്‍ വിദേശയാത്ര നടത്താമെന്നാണ് സുപ്രീംകോടതി ബെഞ്ച് ഇന്നലെ വ്യക്തമാക്കിയത്. ഈ മാസം 25 അടുത്ത മാസം 21 വരെയാണ് കാര്‍ത്തി ചിദംബരത്തിന് വിദേശ യാത്രയ്ക്കുള്ള അനുമതി നല്‍കിയിരിക്കുന്നത്.
കാര്‍ത്തി്ക്ക് ഒരു കോടി രൂപയുടെ ബോണ്ട് നല്‍കിയതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. കാര്‍ത്തി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വ്യക്തമാക്കി. എന്നാല്‍ കാര്‍ത്തിക്കായി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ഇത് എതിര്‍ത്തു. 2020 ജനുവരി മുതല്‍ കാര്‍ത്തിക്ക് ഒരു കേസിലും സമന്‍സ് ലഭിച്ചിട്ടില്ല. കഴിഞ്ഞ 22ന് വിദേശത്തേക്ക് പോകേണ്ടിയിരിക്കെ മൂന്ന് മാസമായി കേന്ദ്രം അനുമതി നിഷേധിക്കുന്നുവെന്നും അറിയിച്ചു. അടുത്തമാസം 22 ലേക്ക് കേസ് മാറ്റി.
ഐഎന്‍എക്സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കാര്‍ത്തി അന്വേഷണം നേരിടുന്നത്. കേസില്‍ കാര്‍ത്തിയും പിതാവ് പി. ചിദംബരവും സി.ബി.ഐയുടെയും ഇ.ഡിയുടേയും അന്വേഷണം നേരിടുന്നുണ്ട്.