കണ്ണൂർ- അമ്മയിൽ നിന്ന് കുഞ്ഞിനേയും കുഞ്ഞിൽനിന്ന് അമ്മയേയും വേർതിരിക്കാൻ ശ്രമിക്കരുത് എന്നതാണ് അനുപമ കേസിന്റെ അനുഭവപാഠമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചർ. അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത കോടതി ഉത്തരവിന് ശേഷം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അവർ. അനുപമ വിഷയത്തിൽ മന്ത്രി വീണ ജോർജിന്റെ ഇടപെടൽ മനുഷ്യത്വപരമാണെന്നും അനുപമക്ക് നീതി കോടതിയിൽനിന്നാണെന്നും ശ്രീമതി ടീച്ചർ വ്യക്തമാക്കി. നേരത്തെയും അനുപമ വിഷയത്തിൽ ശ്രീമതി ടീച്ചർ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അനുപമക്ക് നിയമപോരാട്ടത്തിന് ആവശ്യമായ പിന്തുണ നൽകിയത് ശ്രീമതി ടീച്ചറായിരുന്നു. കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അനുപമ എസ് ചന്ദ്രന് അനുകൂല നടപടി ഇന്ന് വഞ്ചിയൂർ കുടുംബകോടതി സ്വീകരിച്ചിരുന്നു. ദത്ത് നടപടികൾക്ക് കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ച കോടതി കേസിൽ തുടർ നടപടികൾ അറിയിക്കാൻ സർക്കാറിന് നിർദ്ദേശവും നൽകി. പോലീസ് അന്വേഷണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണമെന്നാണ് നിർദ്ദേശം. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും. കോടതി നടപടിയിൽ സന്തോഷമുണ്ടെന്നും കൂടെ നിന്നവർക്കെല്ലാം നന്ദിയെന്നും അവർ പറഞ്ഞു. കുഞ്ഞിനെ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ അമിത പ്രതീക്ഷയില്ലെന്നും അവർ പറഞ്ഞു.