ന്യൂദല്‍ഹി- റിലയന്‍സ് മേധാവി അംബാനിക്കും മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനും ബന്ധമുള്ള രണ്ട് ഫയലുകളില്‍ ഒപ്പിട്ടാല്‍ 300 കോടി രൂപ കോഴ നല്‍കാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നതായുള്ള മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ ആരോപണം തെറ്റാണെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് റാം മാധവ്. ഇപ്പോള്‍ മേഘാലയ ഗവര്‍ണറായ സത്യപാല്‍ മാലിക് ജമ്മുകശ്മീര്‍ ഗവര്‍ണറായിരിക്കെ ഒപ്പിടുകയും തള്ളുകയും ചെയ്ത എല്ലാ കരാറുകളും അന്വേഷിച്ച്് ഗവര്‍ണര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത ആളുകളെ കണ്ടെത്തണമെന്നും റാം മാധവ് ആവശ്യപ്പെട്ടു. ജമ്മുകശ്മീരിലെ ബിജെപിയുടെ ചുമതല വഹിച്ചിരുന്ന ആര്‍എസ്എസ് നേതാവ് കൂടിയായ റാം മാധവ് ഈ ആരോപണത്തെ തുടര്‍ന്ന് സംശയത്തിന്റെ നിഴലിലായിരുന്നു. ആര്‍എസ്എസിന്റെ ദേശീയ സമിതി അംഗം കൂടിയാണ് റാം.
സത്യപാലിന്റെ ആരോപണവുമായി ബന്ധപ്പെട്ട് ഒരു ആര്‍എസ്എസ് നേതാവ് എന്ന് പരാമര്‍ശിച്ച് പരോക്ഷമായി തന്നെ സംശയത്തില്‍ നിര്‍ത്തി അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ എന്ത് നിയമനടപടി സ്വീകരിക്കാനാകുമെന്ന് പരിശോധിക്കുകയാണെന്നും റാം മാധവ് പറഞ്ഞു. സത്യപാല്‍ മലിക് ജമ്മു കശ്മീര്‍ ഗവര്‍ണറായ കാലയളവിലെ മുഴുവന്‍ ഇടപാടുകളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അംബാനിയുമായും മുതിര്‍ന്ന ആര്‍എസ്എസ് നേതാവുമായും ബന്ധപ്പെട്ട രണ്ടു ഫയലുകളില്‍ ഒപ്പിട്ടാല്‍ 150 കോടി രൂപ വീതം കോഴ നല്‍കാമെന്ന് തനിക്ക് വാഗ്ദാനം ലഭിച്ചിരുന്നതായി ദിവസങ്ങള്‍ക്കു മുമ്പാണ് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മലിക് വെളിപ്പെടുത്തല്‍ നടത്തിയത്. ഈക്കാര്യത്തില്‍ എന്തുചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച ചെയ്യുകയും അഴിമതിയോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം മറുപടി നല്‍കിയതായും മലിക് പറഞ്ഞിരുന്നു.