പട്ന- ബിഹാര്‍ നിയസമഭാ ഉപതെരഞ്ഞെടുപ്പില്‍ സീറ്റു വീതംവെപ്പിനെ ചൊല്ലി ആര്‍ജെഡി-കോണ്‍ഗ്രസ് പോരില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ പരിഹാസവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ഒരു സഖ്യം എന്ന നിലയില്‍ കോണ്‍ഗ്രസിനെ കൊണ്ട് കാര്യമില്ലെന്നും ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നല്കുകയാണെങ്കില് അവിടെ ജയിക്കില്ലെന്നു മാത്രമല്ല, കെട്ടിവച്ച കാശും നഷ്ടപ്പെടുത്തുമെന്ന് ലാലു പറഞ്ഞു. തോല്ക്കാന് വേണ്ടി ഒരു സീറ്റു വിട്ടുകൊടുക്കേണ്ടതുണ്ടോ? അങ്ങനെയാണെങ്കില്‍ കെട്ടിവച്ച കാശു പോകും- എന്നായിരുന്നു ലാലുവിന്റെ പ്രതികരണം.
രണ്ട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടു സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്ന് ആര്‍ജെഡി പ്രഖ്യാപിച്ചതോടെയാണ് സഖ്യം പ്രത്യക്ഷമായി പൊളിഞ്ഞത്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച കുഷേശ്വര് ആസ്ഥാന് മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ആര്‍ജെഡിയുമായി തങ്ങള്‍ക്ക് സഖ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവും ബിഹാറിന്റെ ചുമതലക്കാരനുമായ ഭക്ത ചരണ്‍ ദാസും പറഞ്ഞിരുന്നു.
2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ സീറ്റുകള്‍ വിലപേശി വാങ്ങി മത്സരിച്ച് വന്‍തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഏറെ പഴികേട്ടിരുന്നു. കോണ്‍ഗ്രസിന്റെ മോശം പ്രകടനം കൊണ്ടു മാത്രമാണ് ആര്‍ജെഡിക്ക് ഭരണം നഷ്ടമായത് എന്ന വിലയിരുത്തലും ഉണ്ടായി. ഇതോടെ സഖ്യത്തില്‍ കോണ്‍ഗ്രസിനെ പങ്കിനെ കുറിച്ച് ചോദ്യം ചെയ്ത് ആര്‍ജെഡിയിലെ പ്രബല വിഭാഗം രംഗത്തു വന്നിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ യഥാര്‍ത്ഥ ശക്തിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിനു നല്‍കിയിരുന്നു എന്നാണ് ആര്‍ജെഡി വിലയിരുത്തല്‍.