ബെംഗളുരു- ഇതരമതത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന് കര്‍ണാടകയിലെ വിജയപുരയില്‍ 34കാരനായ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. കാമുകന്റെ ജീവന്‍ അപകടത്തിലാണെന്നും തന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയേക്കുമെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവതി വെള്ളിയാഴ്ച രാവിലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം നല്‍കിയിരുന്നു. എന്നാല്‍ ഇതിനകം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലനടത്തുകയായിരുന്നു. യുവാവിന്റെ മൃതദേഹം ഒരു കുളത്തില്‍ നിന്നാണ് ലഭിച്ചത്. വിവരം ലഭിച്ചയുടന്‍ പോലീസ് യുവതിയെ കണ്ടെത്തി പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു.
വ്യാഴാഴ്ചയാണ് രവി എന്ന യുവാവിനെ കാണാതായത്. തൊട്ടടുത്ത ദിവസം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ യുവതിയുടെ സഹോദരനേയും അമ്മാവനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. യുവതിയുടെ അച്ഛനും മൂത്ത സഹോദരനും ഒളിവിലാണ്. തുടര്‍ന്നാണ് മറ്റൊരു സഹോദരനേയും അമ്മാവനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം കുളത്തില്‍ നിന്ന് ലഭിച്ചതെന്ന് വിജയപുര എസ് പി എച്ഡി ആനന്ദ് പറഞ്ഞു.
വ്യാഴാഴ്ച കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനായി ഇറങ്ങിയ രവിയെ പിന്നീട് കാണാകുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഓഫായിരുന്നു. ബന്ധുക്കള്‍ നടത്തിയ തിരച്ചിയില്‍ ഒരു വയലില്‍ നിന്ന് ചെരിപ്പും വസ്ത്രങ്ങളും ലഭിച്ചിരുന്നു. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.