മുംബൈ-ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരായ ലഹരിമരുന്ന് കേസില്‍ വിവാദമായി ഒരു സത്യവാങ്മൂലം. കേസുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടിനു ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് കേസിലെ പ്രധാന സാക്ഷിയായ കെ.പി ഗോസാവിയുടെ സഹായിയും അംഗരക്ഷകനുമായ പ്രഭാകര്‍ സെയില്‍ നല്‍കിയിരിക്കുന്ന സത്യാവങ്മൂലം.
ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ ചര്‍ച്ച നടന്നുവെന്നാണ് ആരോപണം. എട്ട് കോടി എന്‍.സി.ബി സോണല്‍ ഡയരക്ടര്‍ സമീര്‍ വാങ്കഡെക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ ആരോപിച്ചു.
ആര്യന്‍ ഖാനെ എന്‍.സി.ബി ഓഫീസിലെത്തിച്ചപ്പോള്‍ ഗോസാവിയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ പുതിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സമീര്‍ വാങ്കഡെ പ്രതികരിച്ചു. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ കേസില്‍ ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. എന്‍.സി.ബിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ മാത്രമാണ് ഇത്തരം ആരോപണങ്ങളെന്നും ഓഫീസില്‍ സിസിടിവി ക്യാമറകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്നെക്കൊണ്ട് എന്‍സിബി ഉദ്യോഗസ്ഥര്‍ 10 വെള്ള പേപ്പറില്‍ ഒപ്പിടുവിച്ചെന്ന പ്രഭാകര്‍ സെയിലിന്റെ ആരോപണവും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ഒക്‌ടോബര്‍ രണ്ടിന് മുമ്പ് പ്രഭാകര്‍ സെയിലിനെ കുറിച്ച് തങ്ങള്‍ കേട്ടിട്ടില്ലെന്നും അയാള്‍ ആരാണെന്ന് അറിയില്ലെന്നും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പറയുന്നു. ജീവനു ഭീഷണിയുണ്ടെന്നും പ്രഭാകര്‍ സെയില്‍ പറയുന്നു.