ലഖ്‌നൗ- ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച വൈകിട്ട് നടത്തിയ പരിശോധനയില്‍ ബ്ലഡ് ഷുഗര്‍ വര്‍ധിച്ചതായി കണ്ടെത്തിയതിനു പുറമെ, ഇ.സി.ജിയിലും വ്യതിയാനം കണ്ടിരുന്നു. രണ്ടു ദിവസം പോലീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ ആശിഷ് മിശ്രക്ക് ഡെംഗി പനി ബാധിച്ചിരുന്നതായി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശൈലേന്ദ്ര ഭട്‌നഗറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ഞായറാഴ്ച രാവിലെ ജയിലിലെത്തി പരിശോധിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ആംബുലന്‍സില്‍ ലഖിംപൂര്‍ ഖേരി ജില്ലാ ആശുപത്രിയിലെത്തിച്ച ആശിഷ് മിശ്രയെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രത്യേക മുറിയിലാണ് താമസിപ്പിച്ചിരിക്കുന്നത്.