തിരുവനന്തപുരം- അനുപമയറിയാതെ നിയമവിരുദ്ധമായി കുഞ്ഞിനെ ദത്തെടുത്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാവും ശിശുക്ഷേമ സമിതിയും ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഷിജുഖാനും അനുപമയുടെ അച്ഛനുമെതിരെ നടപടിക്കൊരുങ്ങി സി.പി.എം. അനുപമക്ക് തന്റെ കുരുന്നിനെ ഒരിക്കലും തിരിച്ചുകിട്ടാതിരിക്കാന്‍ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടന്നത് ആസൂത്രിത മുന്നൊരുക്കങ്ങളായിരുന്നുവെന്നതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. നിയമവിരുദ്ധമായി കുട്ടിയെ ഒളിപ്പിക്കാന്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ നടത്തിയ നീക്കങ്ങള്‍ക്ക് സഹായകരമായ നിലപാടാണ് ഷിജുഖാന്‍ സ്വീകരിച്ചതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തുടക്കം മുതല്‍ ഒടുക്കം വരെ നിയമങ്ങള്‍ ലംഘിച്ചാണ് ശിശുക്ഷേമ സമിതിയും ജനറല്‍ സെക്രട്ടറി അഡ്വ. ഷിജുഖാനും ഈ വിഷയത്തില്‍ ഇടപെട്ടതെന്നാണ് പരാതി. കുട്ടിയെ പിന്നീട് തിരിച്ചറിയാതിരിക്കാനും തെളിവ് നശിപ്പിക്കാനും ആശുപത്രി രേഖകളില്‍ ലിംഗം വരെ തെറ്റായി രേഖപ്പെടുത്തുകയും ഡി.എന്‍.എ ടെസ്റ്റില്‍ കൃത്രിമത്വം കാണിക്കുകയും ചെയ്തു.