ന്യൂദൽഹി- വ്യാജ ലൈസൻസ് തടയാൻ ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ ആലോചിക്കുന്നതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ചുള്ള ഒരു സോഫ്റ്റ് വെയർ ഇതിനായി പണിപ്പുരയിലാണെന്നും സർക്കാർ പറഞ്ഞു. റോഡ് സുരക്ഷയെക്കുറിച്ച് പഠിക്കാൻ കോടതി നിയോഗിച്ച കമ്മിറ്റിയാണ് ഇക്കാര്യം ജസ്റ്റിസുമാരായ മദൻ ബിലോകൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചത്. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച പരാതികളിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിസ്താരം തുടരുന്നതിനിടയിലാണ് സർക്കാർ നീക്കമെന്നത് ശ്രദ്ധേയമാണ്. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള റോഡ് സുരക്ഷാ സമിതിയുടെ റിപ്പോർട്ട് സുപ്രീം കോടതിക്ക് മുമ്പാകെ വെച്ചിട്ടുണ്ട്.