ന്യൂദല്‍ഹി- കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ലാംഖാഗ പാസ് മേഖലയില്‍ പതിനേഴ് പര്‍വതാരോഹകരെ കാണാതായി. വ്യോമസേനയുടെ നേതൃത്വത്തില്‍ കാണാതായ പര്‍വതാരോഹകര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 11 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. ഏതാനും പേരെ രക്ഷപ്പെടുത്താനും സാധിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലെ കിനാനൂര്‍ ജില്ലയേയും ഉത്തരാഖണ്ഡിലെ ഹര്‍സിലിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അപകടകരമായ പാതയാണ് ലാംഖാഗ പാസ്. സമുദ്രനിരപ്പില്‍നിന്ന് 17000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മേഖലയാണിത്. ഇവിടെ ട്രെക്കിങ് നടത്തുകയായിരുന്ന സംഘത്തിന് ഒക്ടോബര്‍ 18നാണ് വഴിതെറ്റിയത്. കാണാതായവരില്‍ യാത്രികരും ഗൈഡുകളും പോര്‍ട്ടര്‍മാരും ഉള്‍പ്പെടുന്നു.
യാത്രികരെ കാണാതായെന്ന വിവരം ഒക്ടോബര്‍ 20നാണ് അധികൃതര്‍ക്കും സേനക്കും ലഭിച്ചത്. പിന്നാലെ വ്യോമസേന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് ഹര്‍സിലിലെത്തിയാണ് തിരച്ചില്‍ ആരംഭിച്ചത്.