റിയാദ് - വലതുവശത്ത് സ്റ്റിയറിംഗുള്ള വാഹനങ്ങള്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതായി സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു. കവചിത വാഹനങ്ങളും മോഷ്ടിച്ച വാഹനങ്ങളും ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. ടാക്സി സര്‍വീസിന് ഉപയോഗിച്ച വാഹനങ്ങളും പോലീസ് ഉപയോഗിച്ച വാഹനങ്ങളും ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്.
സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റിക്ക് ലഭിക്കുന്ന സാങ്കേതിക പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം വെള്ളത്തില്‍ മുങ്ങിയത്, അപകടത്തില്‍ പെട്ടത്, അഗ്നിബാധക്ക് വിധേയമായത്, മറിഞ്ഞത്, ബോഡിയില്‍ കേടുപാടുകള്‍ സംഭവിച്ചത് എന്നീ ഇനങ്ങളില്‍ പെട്ട വാഹനങ്ങളും സ്കൂള്‍ ട്രാന്സ്പോര്ട്ടേഷന് പോലുള്ള എംബ്ലങ്ങള്‍ പതിച്ച വാഹനങ്ങളും ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ല.
പുറംബോഡിയില്‍ കേടുപാടുകളുള്ള വാഹനങ്ങളുടെ ഇറക്കുമതിക്കും വിലക്കുണ്ട്. എന്നാല്‍ ഇറക്കുമതി ചെയ്ത് എത്തിക്കുന്ന സൗദിയിലെ തുറമുഖത്തു വെച്ചാണ് വാഹനങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചതെങ്കില്‍ അത്തരം വാഹനങ്ങള്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ സൗദിയിലെ തുറമുഖത്തു വെച്ചാണ് വാഹനങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചത് എന്ന് വ്യക്തമാക്കി ബന്ധപ്പെട്ട വകുപ്പ് നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വ്യവസ്ഥയുണ്ട്.
ഷാസി നമ്പറില്‍ കൃത്രിമങ്ങള്‍ നടത്തിയ വാഹനങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. സൗദിയില്‍ നിയമാനുസൃതം കഴിയുന്ന വിദേശികള്‍ ബസുകളും ലോറികളും ഈ ഗണത്തില്‍ പെടുന്ന മറ്റു വാഹനങ്ങളും ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്.